മൃദംഗതാളവും ആദിവാസിവാദ്യ വിസ്മയവുമായി സംഗീതസംഗമം

അഗളി : മൃദംഗത്തിന്റെ താളപ്പെരുമയും ആദിവാസി വാദ്യങ്ങളുടെ തനിമയും സംഗമിച്ചപ്പോൾ പട്ടിമാളം എ.പി.ജെ. അബ്ദുൾകലാം ഇന്റർനാഷണൽ റെസിഡെൻഷ്യൽ ട്രൈബൽ സ്കൂളിൽ വിദ്യാർഥികൾക്ക് വേറിട്ട സംഗീതാനുഭവം. മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ നയിച്ച സംഗീതവിരുന്നാണ് വിദ്യാർഥികൾക്ക് നവ്യാനുഭവമായത്.
മൃദംഗത്തിൽ വിവിധ താളങ്ങൾ അവതരിപ്പിച്ച് അവയുടെ പ്രത്യേകതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയ അദ്ദേഹം, അതേ താളങ്ങൾ തങ്ങളുടെ പരമ്പരാഗതവാദ്യങ്ങളിൽ പുനരവതരിപ്പിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ തമ്പോലം ഉൾപ്പെടെയുള്ള ആദിവാസി വാദ്യങ്ങളിൽ മൃദംഗതാളങ്ങൾ പുനഃസൃഷ്ടിച്ചു.
മാസ് കോട്ട് ഇൻഡസ്ട്രീസ് പാർട്ണർ സി. ജയചന്ദ്രൻ സ്കൂൾ സന്ദർശിച്ച അവസരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഉമാ പ്രേമൻ, പ്രിൻസിപ്പൽ ഡോ. എ.ജെ. സലോമി, ഹെഡ്മിസ്ട്രസ് അമിതബായ് എന്നിവർ പങ്കെടുത്തു.