എൽ.എം.ആർ.കെ.യുടെ നേതൃത്വത്തിൽപഴനിയിൽ മയിൽപൂജയും ഗിരിവലവും

പഴനി : പഴനിയിൽ സ്കന്ദഷഷ്ഠി ഉത്സവംനടന്ന ഞായറാഴ്ച ആത്മീയസംഘടനയായ എൽ.എം.ആർ.കെ. നേതൃത്വത്തിൽ പഴനിമല അടിവാരത്ത് മയിൽ പൂജയും ഗിരിവലവും നടന്നു. സംഘടനയുടെ സ്ഥാപകൻ തൃശ്ശൂർ രജിത് കുമാറിന്റെ നേതൃത്വത്തിൽനടന്ന പരിപാടിയിൽ 5,000-ത്തിലധികം പേർ പങ്കെടുത്തു.
പുലർച്ചെ അഞ്ചിന് പഴനിമലയടിവാരം പാതവിനായകർ ക്ഷേത്രത്തിനുമുന്നിലുള്ള ആദ്യത്തെ മയിലിന് വിശേഷപൂജകളും ദീപാരാധനയും നടത്തിയശേഷം ചെണ്ട-നാദസ്വര മേളങ്ങളോടുകൂടി ഗിരി വലം ആരംഭിച്ചു.
പിന്നീട് ഗിരിവീഥികളിലുള്ള അഞ്ചുമയിലിനും വിശേഷപൂജകളും ദീപാരാധനയും നടത്തി. എട്ടിന് പഴനി ഇടുമ്പൻക്ഷേത്രത്തിന് സമീപത്തുള്ള ഡോ. കെ.എൻ. ഹാളിൽ മുരുകപൂജ, ലൈഫ് ബോഡി മെഡിറ്റേഷൻ തുടങ്ങിയ പരിപാടികളും നടന്നു. അന്നദാനവുമുണ്ടായിരുന്നു. നടൻ ദേവൻ, സിനിമാസംവിധായകൻ വി.എം. വിനു, വടയാർ സുനിൽ, ഗുരുമൂർത്തി, എൽ.എം.ആർ.കെ. കോഡിനേറ്റർ അനൂപ് തുടങ്ങിയവർ പങ്കെടുത്തു.