കാഞ്ഞിരപ്പുഴ വലതുകര കനാലിലൂടെ ഡിസംബറിൽ ജലവിതരണം നടത്തും

കനാൽ വൃത്തിയാക്കൽ നവംബറിൽ തുടങ്ങും, ഉപദേശകസമിതിയോഗം ചേർന്നു
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വലതുകര കനാലിലൂടെ കാർഷികാവശ്യങ്ങൾക്കായി ഡിസംബർ ആദ്യയാഴ്ചയിൽ ജലവിതരണം നടത്തും. ജലസേചനപദ്ധതി ഓഫീസിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി ഓഫീസർമാരുടെയും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉപദേശകസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
ജലവിതരണത്തിന് മുന്നോടിയായി ഒൻപതുകിലോമീറ്റർ ദൈർഘ്യമുള്ള വലതുകര കനാലും മൂന്നുകിലോമീറ്റർ ദൈർഘ്യമുള്ള അരകുറുശ്ശി, പള്ളിക്കുറുപ്പ്, ചൂരിയോട് ഭാഗത്തെ ഉപകനാലുകളും വൃത്തിയാക്കും. ഇതിന്റെ പണി നവംബർ ആദ്യവാരം നടത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പണിക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് ലഭ്യതയ്ക്കുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു. കനാൽ വൃത്തിയാക്കലിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാവുമോ എന്നതും ചർച്ചയായി.
ഇക്കാര്യം പഞ്ചായത്തുതലത്തിൽ അവതരിപ്പിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. ഇക്കാര്യം ജലസേചനവകുപ്പിൽനിന്ന് പഞ്ചായത്തുകൾക്ക് നൽകാനും തീരുമാനമായി.
കനാലുകളിൽ സ്ലൂയിസ് ഷട്ടർ ഇല്ലാത്തയിടങ്ങളിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കാമെന്നും അധികൃതർ അറിയിച്ചു. കനാൽവെള്ളത്തെ ആശ്രയിക്കുന്ന ആറ് പാടശേഖരസമിതികളിൽനിന്ന് ഓരോ അധ്യക്ഷരെവീതം യോഗത്തിൽ തിരഞ്ഞെടുത്തു.
നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ റിയാസ് നാലകത്ത്, എസ്. ഷീന, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി സബ് ഡിവിഷൻ അസി. എക്സി. എൻജിനിയർ വിനോദ് ചന്ദ്രൻ, അസി. എൻജിനിയർ മുഹമ്മദ് ഷെഫീദ് എന്നിവരും കൃഷി ഓഫീസർമാരും മറ്റുദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.