പുതിയ റോഡാണ്; പക്ഷേ, വനയാത്രപോലെ

നവീകരണം 70 ശതമാനത്തിൽ നിലച്ചു; കാഴ്ചമറച്ച് പൊന്തക്കാട്

കൂറ്റനാട് : ബി.എം. ബി.സി. മാതൃകയിൽ ടാറിട്ട് മിനുക്കിയ പുതിയ റോഡിലൂടെ കുറച്ചുദൂരം ചെന്നാൽ പിന്നീട് യാത്ര കാട്ടിലൂടെയാണെന്ന് തോന്നിപ്പോകും. റോഡിന്റെ ഇരുവശവും മൂന്നാൾപ്പൊക്കത്തിൽ വളർന്നുനിൽക്കുന്ന പൊന്തക്കാടും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും യാത്രക്കാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്നു. ഇതാണ് നവീകരണം നടക്കുന്ന കറുകപുത്തൂർ-വട്ടൊള്ളിക്കാവ് റോഡിന്റെ ഇന്നത്തെ അവസ്ഥ.

70 ശതമാനം നവീകരണം പൂർത്തിയാക്കിയെങ്കിലും മാസങ്ങളായി നിർമാണം നിലച്ച മട്ടാണ്. ബാക്കി പണി എപ്പോൾ തീരുമെന്നറിയാതെ കാത്തിരിക്കുകയാണ് നാട്ടുകാരും വാഹനയാത്രക്കാരും.

വളവുകളിൽ അപകടം പതിയിരിക്കുന്നു

റോഡിന്റെ ഏറ്റവും ഭീതിജനകമായ കാഴ്ച വളവുകളിലാണ്. വട്ടൊള്ളിക്കാവുമുതൽ കറുകപുത്തൂർവരെ നീളുന്ന പാതയിൽ പലയിടത്തും എതിർദിശയിൽനിന്ന് കരിങ്കല്ലും മണ്ണും കയറ്റി വരുന്ന ബസും ലോറിയും ബൈക്കും ഒന്നും കാണാൻ കഴിയില്ല.

പലയിടത്തും ദിശകളിൽ കാടുമൂടിക്കിടക്കുന്നതുകൊണ്ട് വാഹനങ്ങൾ മുഖാമുഖം വരുമ്പോൾ മാത്രമാണ് ഡ്രൈവർമാർ പരസ്പരം കാണുന്നത്. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ബ്രേക്ക് ചവിട്ടാൻപോലും സമയം കിട്ടാത്ത അവസ്ഥ. ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ഭീതിയിൽ.

​കുടിവെള്ള പൈപ്പ് പൊട്ടി റോഡ് അടിക്കടി തകരുന്നതും യാത്ര ദുരിതമാക്കുന്നു. പൈപ്പ് പൊട്ടി ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ ടാറിളകി നിരവധി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മൈലാഞ്ചിക്കാട്, നെല്ലിക്കാട്ടിരി, സദ്ദാംനഗർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൈപ്പുകൾ പൊട്ടി വലിയ കുഴികളുണ്ടായിട്ടുണ്ട്.

താലൂക്ക്സഭയിലും ശ്രദ്ധക്ഷണിച്ചു

കഴിഞ്ഞദിവസം നടന്ന താലൂക്ക്സഭയിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് ഈ വിഷയം ഉന്നയിച്ചിരുന്നു. റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിച്ച് കാഴ്ചതടസ്സം ഒഴിവാക്കണമെന്നും സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.