വാണിയംകുളത്തെ ടർഫ് ഫുട്ബോൾ മൈതാനം പുല്ലുവിരിക്കൽ പൂർത്തിയാവുന്നു

കുളപ്പുള്ളി : ഒടുവിൽ വാണിയംകുളത്തെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ടർഫ് ഫുട്ബോൾ മൈതാനത്തിന്റെ പണി പൂർത്തിയാവുന്നു. നാലുവർഷത്തിലേറെയായി കളിപ്രേമികൾ കാത്തിരുന്ന വാണിയംകുളം
ടർഫ് ഫുട്ബോൾ മൈതാനത്ത് മഴമാറിയതോടെ പുല്ലുവിരിക്കൽ അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ മൈതാനത്ത് വശങ്ങളിലുൾപ്പെടെ വെള്ളനിറത്തിലുള്ള ലൈനുകൾ അടയാളപ്പെടുത്തുന്ന പണികൂടി നടത്തും. ഒക്ടോബർ ആദ്യവാരത്തോടെ മുഴുവൻപണിയും പൂർത്തിയാക്കി പഞ്ചായത്തിന് മൈതാനം കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
നേരത്തേ മൈതാനത്തിന്റെ പണി പൂർത്തിയായെങ്കിലും പുല്ലുവിരിക്കൽമാത്രം നടന്നിരുന്നില്ല. യുദ്ധംകാരണം മൈതാനത്ത് വിരിക്കാനുള്ള പുല്ലുൾപ്പെടെ എത്താൻ വൈകിയതോടെയാണ് പണി വീണ്ടും നിലച്ചത്. മേയ് അവസാനത്തോടെ ഇവ എത്തിയെങ്കിലും മഴമൂലം പുല്ലുവിരിക്കാൻ പറ്റാത്ത സാഹചര്യവുമായി.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ 4.32 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. 2019-20 ബജറ്റിലാണ് ടർഫ് ഫുട്‌ബോൾ മൈതാനവും ഓപ്പൺ ജിംനേഷ്യവും നടപ്പാതയും നിർമിക്കാൻ അനുമതി ലഭിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. ടർഫ്
നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെ മേൽനോട്ടത്തിനായി പഞ്ചായത്തിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
കാണികൾക്ക് കളി ആസ്വദിക്കുന്നതിനായി വിശാലമായ ഗാലറി കെട്ടിടവും കളിക്കാർക്ക് വിശ്രമിക്കാൻ 1,500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പ്രത്യേക മുറി, ശൗചാലയം എന്നിവയുമാണ് തയ്യാറാക്കിയിട്ടുള്ളത്.