ജൈവമാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങിയില്ല

നിർമിച്ചിട്ട് ഒരുപതിറ്റാണ്ടിലേറെ
വാണിയംകുളം : ടൗണിലെ ജൈവമാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ നിർമിച്ച ജൈവമാലിന്യ പ്ലാന്റ് ഒരുപതിറ്റാണ്ടുകഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുമ്പൂർമുഴി മാതൃകയിൽ സ്ഥാപിച്ചതാണിത്.
ഒന്നരപ്പതിറ്റാണ്ടോളമായി യൂണിറ്റ് നിർമിച്ചിട്ട്. പഞ്ചായത്തിന്റെ ടൗണിനോടുചേർന്ന സ്ഥലത്ത് ഇതിനായി കെട്ടിടവും ബിന്നുകളും ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചതാണ്.
പ്ലാന്റിൽ വരുന്ന ജൈവമാലിന്യം ശേഖരിച്ച് ജൈവവളമാക്കി വിൽപ്പന നടത്തുന്നതിനായിരുന്നു പദ്ധതി. മാലിന്യം ശേഖരിക്കുന്നതിനും ഓഫീസിനുമായും ഒരു ചെറിയ കെട്ടിടം ഉൾപ്പെടെ നിർമിച്ചിരുന്നു. എന്നാൽ, ഇതിനായി പിന്നീട് തുടർ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
2022-ൽ മുണ്ടൂർ ഐ.ആർ.ടി.സി.യുടെ മാർഗനിർദേശത്തിനനുസൃതമായി ഹരിത കർമസേനയെ ഏൽപ്പിച്ച് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിനായി ഹരിതകർമസേന കൺസോർഷ്യവുമായി കരാറിലേർപ്പെടാൻ അസി. സെക്രട്ടറിയെയും ഭരണസമിതി ചുമതലപ്പെടുത്തിയിരുന്നു.
പിന്നീടാകട്ടെ തുടർനടപടികളൊന്നുമായില്ല. ഇപ്പോഴാകട്ടെ ഹരിതകർമസേന വാർഡുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. സമീപത്തുതന്നെയാണ് ഹരിതകർമസേനയുടെ മാലിന്യം സൂക്ഷിക്കുന്നതിനുള്ള എം.എസി.എഫുള്ളത്. എന്നാൽ, ഇത് നിറയുന്നതോടെ തൊട്ടടുത്ത ജൈവമാലിന്യ പരിപാലത്തിനായി നിർമിച്ച പ്ലാന്റിലാണ് വെക്കുന്നത്.
പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ ടൗണിലെ പഴം-പച്ചക്കറി കടകൾ, ഹോട്ടൽ മേഖലയിലുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകുമെന്ന് കച്ചവടക്കാർ പറഞ്ഞു.