പട്ടാമ്പി തടയണ: ചെളിയും മണലും മാറ്റണമെന്ന് കർഷകർ

പട്ടാമ്പി : പണി പൂർത്തിയായിവരുന്ന ഭാരതപ്പുഴയിലെ പട്ടാമ്പിതടയണയുടെ ജലസംഭരണ ഭാഗത്തും താഴെഭാഗത്തും മണലും പൊന്തക്കാടും നിറഞ്ഞു. കിഴായൂർ ജലസേചനപദ്ധതിയുടെ ഉറവിടഭാഗത്തടക്കം ചെളിയും മണലും കല്ലും നിറഞ്ഞ് പൊന്തക്കാടായി മാറി. ഈ മണ്ണുമഴുവൻ നീക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിഷയമുന്നയിച്ച് കിഴായൂർ പാടശേഖരസമിതി പ്രസിഡന്റ് കെ. ഉണ്ണി പവ്വത്ത് അധികൃതർക്ക് നിവേദനം നൽകി.
ചെളിയും മണ്ണും മണലും പൂർണമായി നീക്കിയാൽ നാലരക്കിലോമീറ്റർ നീളത്തിലും 300 ഓളം മീറ്റർ വീതിയിലും പുഴയിൽ വെള്ളം സംഭരിക്കാനാവും. കിഴായൂർ പാടശേഖരത്തിലും ആര്യമ്പാടത്തും മാത്രമല്ല, തിരുമിറ്റക്കോട് ഞാങ്ങാട്ടിരി ജലസേചനപദ്ധതികളുടെ ആയക്കെട്ടുകളിലും വിരിപ്പും മുണ്ടകനും നെൽക്കൃഷിയും ചെയ്യാം. മൂന്നാംവിളയായി പച്ചക്കറിക്കൃഷിയും ചെയ്യാൻ ജലസേചനസൗകര്യമുണ്ടാവും. 947 ഹെക്ടർ കൃഷിഭൂമിയാണ് ഇവിടെയുള്ളത്. പട്ടാമ്പി നഗരസഭയിലേക്ക് ശുദ്ധജലമെത്തിക്കാൻ പണിയുന്ന അമൃത് രണ്ട് പദ്ധതിക്കും വെള്ളത്തിന്റെ ഉറവിടം പട്ടാമ്പി തടയണയാണ്. ബലിതർപ്പണത്തിന് പേരുകേട്ട തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രക്കടവിൽ വേനൽക്കാലത്തും ജലസമൃദ്ധിയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഏറെ തീർഥാടകർ എത്തുന്ന ക്ഷേത്രമാണിത്.
ഭാരതപ്പുഴയിൽ പട്ടാമ്പി കിഴായൂർ, തൃത്താല കൂട്ടക്കടവ് ഭാഗങ്ങളിൽ മണലും ചെളിയും അടിഞ്ഞുകൂടിയത് നീക്കുന്നത് സംബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിൽ ചെറുകിട ജലസേചന വകുപ്പ് അധികൃതരുടെയും യോഗം കഴിഞ്ഞമാസം ചേർന്നിരുന്നു. കിഴായൂർ, കൂട്ടക്കടവ് ഭാഗങ്ങളിലെ രണ്ടുവീതം സ്ഥലങ്ങളിൽനിന്ന് മണലിന്റെ സാംപിളെടുത്ത് മണൽ, ചെളി അനുപാതം എത്രയെന്ന് കണക്കാക്കാൻ കേരള എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി പരിശോധിക്കാൻ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലംകൂടി കിട്ടി മണ്ണുനീക്കാൻ വിശദമായ പദ്ധതിരേഖയുണ്ടാക്കി തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം.
പണി നടന്നുകൊണ്ടിരിക്കുന്ന പട്ടാമ്പി തടയണയുടെ സംരക്ഷണ പാർശ്വഭിത്തി നിർമാണം മാത്രമേ പ്വർത്തിയാവാനുള്ളൂ. തടയണയുടെ സംഭരണശേഷിഎക്കൽമണ്ണ് നീക്കംചെയ്താലേ പൂർണമാവുകയുള്ളൂ. തടയണയ്ക്ക് ഉയരം
രണ്ടുമീറ്റർ മാത്രമാണ്. ഇവിടെ ഉയരമുള്ള റെഗുലേറ്റർ-കം-ബ്രിഡ്ജ് പണിയാനാണ് 1912-ൽ തീരുമാനിച്ചിരുന്നത്.
എന്നാൽ, റെഗുലേറ്റർ വന്നാൽ അതിനുമുകളിലെ ചെങ്ങണാംകുന്ന് തടയണ വെള്ളത്തിനടിയിലാവുമെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ പട്ടാമ്പിയിൽ രണ്ടു മീറ്റർ മാത്രം ഉയരമുള്ള തടയണ നിർമിക്കാൻ തീരുമാനിക്കയായിരുന്നു. പട്ടാമ്പി തടയണയും കുട്ടക്കടവ് റെഗുലേറ്റവും കമ്മിഷൻചെയ്താൽ ഭാരതപ്പുഴയിൽ പട്ടാമ്പി, തൃത്താല മേഖലകളിൽ വേനൽക്കാലത്ത് മുഴുവനും ജലസമൃദ്ധിയുണ്ടാവും.