കാത്തിരിക്കരുത്, ഇനിയും അപകടങ്ങൾ സംഭവിക്കാൻ

കടമ്പഴിപ്പുറം : മുണ്ടൂർ-തൂത സംസ്ഥാനപാതയിലെ കടമ്പഴിപ്പുറം ഖാദി കവലയിൽ അപകടങ്ങൾ പതിവാകുന്നു. സംസ്ഥാനപാതയിലെ പ്രധാന കവലകളിൽ ഒന്നായ ഇവിടെ നിന്നാണ് വേങ്ങശ്ശേരി-അമ്പലപ്പാറ-ഒറ്റപ്പാലം പാത ആരംഭിക്കുന്നത്. ഈ പാതയിലും യാത്ര ബസും ചെറുവാഹനങ്ങളുമായി ധാരാളം വാഹനങ്ങൾ ദിവസേന കടന്നുപോകുന്നുണ്ട്.

വേങ്ങശ്ശേരി പാതയിൽനിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ച് സംസ്ഥാന പാതയിൽ നിന്നും വേങ്ങശ്ശേരി പാതയിലേക്ക് തിരിഞ്ഞുപോകുന്ന വാഹനങ്ങളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചതാണ് അവസാനത്തെ സംഭവം.

ഇതിനു മുൻപും ഇവിടെ അപകടമരണം നടന്നിട്ടുണ്ട്. കവലയുടെ ഇരുവശത്തും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ ഉള്ളതിനാൽ ബസുകൾ പാതയുടെ അരിക് ചേർത്ത് നിർത്താത്തതും പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

സുരക്ഷ സംവിധാനങ്ങളോ സൂചന ബോർഡുകളോ ഇല്ലാത്തതും അമിതവേഗവും അപകടങ്ങൾക്ക് പ്രധാനകാരണമാണ്. അനുവദിനീയമായതിൽ കൂടുതൽ വേഗത്തിലാണ് ഈ പാതയിലൂടെ പലപ്പോഴും വഹനങ്ങൾ കടന്നുപോകുന്നത്. അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ്. വെളിച്ചക്കുറവും ഇവിടുത്തെ അപകടങ്ങൾക്ക് പ്രധാന വില്ലനാകുന്നുണ്ട്.

അപകടങ്ങൾ കുറയ്ക്കാൻ പാതയിൽ സുരക്ഷാ സംവിധാനങ്ങൾ വേണം.

അപകടങ്ങളൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർമാണ കമ്പനിയോടും അധികൃതരോടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ആവശ്യപ്പെടുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന പറഞ്ഞു. നിരീക്ഷ ക്യാമറകൾ സ്ഥാപിക്കാനും എം.പി., എം.എൽ.എ. തുടങ്ങിയവരെ അപകടത്തിന്റെ തീവ്രത ബോധ്യപ്പെടുത്തി ഇവരുടെ സഹായത്തോടെ വേണ്ട നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് മുൻകൈയെടുക്കും.