കണ്ണമ്പ്രയിലും കഞ്ചിക്കോട്ടും വ്യവസായപാർക്ക് ജോലികൾ പുനരാരംഭിച്ചു

വടക്കഞ്ചേരി : മഴ ശക്തിപ്പെട്ട സമയത്ത് ജോലികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്ന കണ്ണമ്പ്രയിലെയും കഞ്ചിക്കോട്ടെയും വ്യവസായപാർക്കിന്റെ അടിസ്ഥാനസൗകര്യ വികസന ജോലികൾ വീണ്ടും വേഗത്തിലേക്ക്. മഴമാറിയതോടെയാണ് ജോലികൾ പൂർണതോതിൽ പുനരാരംഭിച്ചത്.
മഴയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയെത്തുടർന്നാണ് പണികൾ നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയത്. നിലവിൽ റോഡുനിർമാണത്തിന്റെ പ്രാരംഭജോലികൾ പൂർത്തിയായി. ചാൽ നിർമാണവും ആരംഭിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് കണ്ണമ്പ്രയിലും പുതുശ്ശേരിയിലും വ്യവസായ പാർക്ക് ഒരുക്കുന്നത്. കിൻഫ്രയ്ക്കാണ് നിർവഹണച്ചുമതല. കണ്ണമ്പ്രയിൽ 312 ഏക്കറും പുതുശ്ശേരിയിൽ 1,087 ഏക്കറുമാണ് വ്യവസായപാർക്കിനായി ഏറ്റെടുത്തിട്ടുള്ളത്. ജലവിതരണം, വൈദ്യുതി, മലിനജല ശുദ്ധീകരണശാല തുടങ്ങിയവയുംകൂടി കഴിയുന്നതോടെ പശ്ചാത്തല സൗകര്യമൊരുക്കൽ പൂർത്തിയകും. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള 1,100 കോടി രൂപ ചെലവിലാണ് പശ്ചാത്തല സൗകര്യവികസനമൊരുക്കുന്നത്.
ഭോപാൽ ആസ്ഥാനമായിട്ടുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് ജോലികൾ കരാറെടുത്തിട്ടുള്ളത്. 39 മാസമാണ് കരാർ കാലാവധി. ഇതിൽ 12 മാസം പിന്നിട്ടു.
നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിൻഫ്ര അധികൃതർ പറഞ്ഞു. ജോലികൾ പുരോഗമിക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. കരാറടിസ്ഥാനത്തിലാണ് സ്ഥലംനൽകുക.