എസ്.എഫ്.ഐ. റെയിൽവേ സ്റ്റേഷൻ മാർച്ചിൽ സംഘർഷം

പാലക്കാട് : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്തവർക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ലാത്തി പ്രയോഗിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ മദ്യപിച്ചിരുന്നതായും കൈയിലിട്ടിരുന്ന ലോഹവളകൊണ്ട് മർദിച്ചതായും പ്രവർത്തകർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ടൗൺ നോർത്ത് പോലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു പ്രതിഷേധ മാർച്ച് . പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ എത്തിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് പ്രവർത്തകരെ തടഞ്ഞു. പോലീസിനെ മറികടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിൽ പ്രവർത്തകർ മതിൽ ചാടി റെയിൽവേ സ്റ്റേഷനകത്തേക്ക് ഓടിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

റെയിൽവേ സ്റ്റേഷനുമുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ചുനീക്കാൻ പോലീസ് ശ്രമിച്ചു. ഇതിനിടെയാണ് പോലീസുകാരനെതിരേ ആരോപണമുയർന്നത്. ആരോപണവിധേയനായ പോലീസുകാരനെ, കൈയിൽ പരുക്കുപറ്റിയെന്നു പറഞ്ഞ്, ജീപ്പിൽ സ്ഥലത്തുനിന്നുമാറ്റി. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കൾ സംയുക്തമായി ടൗൺ നോർത്ത് സ്റ്റേഷനിലെത്തി, ഡിവൈ.എസ്.പി.ക്കും എസ്.പി.ക്കും പരാതിനൽകി. എന്നാൽ ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ പോലീസ് തയ്യാറായില്ല.