പോസ്റ്റോഫീസ് പാതയിലെ കുഴികൾ ഓട്ടോഡ്രൈവർമാർ അടച്ചു

ഷൊർണൂർ : പോസ്റ്റോഫീസ് പാതയിലെ കുഴികൾ ഓട്ടോറിക്ഷാ ഡ്രൈവർമാർ താത്കാലികമായി അടച്ചു. എസ്.ബി.ഐ. കവലയിൽനിന്നാരംഭിച്ച് ഗ്യാസ് ഗോഡൗൺ വരെയുള്ള പ്രദേശത്തെ കുഴികളാണ് ക്വാറി മാലിന്യമെത്തിച്ച് അടച്ചത്.
കഴിഞ്ഞയാഴ്ച വെറ്റ്മിക്സ് ഉപയോഗിച്ച് റോഡിലെ കുഴിയടക്കാനുള്ള നഗരസഭയുടെ ശ്രമം കൗൺസിലർ തടഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമാവുകയും സി.പി.എം.-കോൺഗ്രസ് നേതാക്കൾ പരസ്പരം പഴിചാരുകയും ചെയ്തു.
നഗരസഭ പദ്ധതിയിലുൾപ്പെടുത്തി നടത്തിയ പോസ്റ്റോഫീസ് പാതയിലെ കുഴിയടക്കൽ പ്രവൃത്തികളാണ് കൗൺസിലർ സി.എ. ആഷിഖ് തടഞ്ഞത്. ഇതോടെ പ്രവൃത്തികൾ നിർത്തുകയായിരുന്നു. ഇതോടെ ആ പാതയിലൂടെയുള്ള ഓട്ടോറിക്ഷ സർവീസ് നിർത്തുമെന്നായിരുന്നു ഡ്രൈവർമാർ അറിയിച്ചത്. വലിയ കുഴികളായ പാതയിലൂടെ ഗതാഗതം വലിയ പ്രതിസന്ധിയുമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ കുഴിയടച്ചത്.
രണ്ടു മാസത്തിനകം അറ്റകുറ്റപണികൾ നടത്തുമെന്നാണ് നഗരസഭാധികൃതരുടെ അറിയിപ്പ്. ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങളായ കെ.കെ. രാജേഷ്, ഷിബു, ബാലകുമാരൻ, ഹമീദ്, നികേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴിയടക്കൽ.