രേഖകളില്ലാതെ കരിങ്കല്ല് കടത്ത്; തൃത്താലയിൽ 12 ലോറികൾ പിടികൂടി

ആനക്കര : രേഖകളും ജിയോളജി പാസുമില്ലാതെ കരിങ്കല്ല് കടത്തിയ 12 ടോറസ് ലോറികൾ വിജിലൻസിന്റെ നേതൃത്വത്തിലുള്ള മിന്നൽ പരിശോധനയിൽ പിടികൂടി. തൃത്താല കാക്കരാത്ത് പടിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ലോറികൾ പിടിയിലായത്. പിടിയിലായ വാഹനങ്ങളിൽനിന്ന് മോട്ടോർ വാഹന വകുപ്പ്, ജി.എസ്.ടി., മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
ഓരോ വാഹനത്തിനും വിവിധ വകുപ്പുകളിലായി അൻപതിനായിരം രൂപ വരെ പിഴ ഈടാക്കി. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മോട്ടോർ വാഹന വകുപ്പ്, ജി.എസ്.ടി., മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ ലോറികളിൽ ഭൂരിഭാഗവും അനുവദനീയമായ പരിധിയിൽക്കവിഞ്ഞ് അമിതഭാരം കയറ്റിയ നിലയിലായിരുന്നു.
നികുതിവെട്ടിപ്പ്, അമിതഭാരം, പെർമിറ്റ് ലംഘനം തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, നെന്മാറ, തൃത്താല തുടങ്ങിയ വിവിധ മേഖലകളിൽ സർവീസ് നടത്തുന്ന ടോറസ് ലോറികളാണ് കാക്കരാത്ത് പടിയിൽ പിടിയിലായത്.
ലോറികൾ പരിശോധിച്ചതിന് പിന്നാലെ പ്രദേശത്തെ ക്വാറികൾ കേന്ദ്രീകരിച്ചും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
അനുവദിച്ച അളവിനേക്കാൾ പലമടങ്ങ് അധികമായി പാറ പൊട്ടിച്ച് കടത്തുന്നതായുള്ള വിവരങ്ങളും സംഘം പരിശോധിച്ചു. അനധികൃത ഖനനവും രേഖകളില്ലാത്ത കരിങ്കല്ല് കടത്തലും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.