ഒറ്റപ്പാലം അഗ്നിരക്ഷാസേന യൂണിറ്റ് താമരക്കുളത്തിന് സമീപം തന്നെ

ഒറ്റപ്പാലം : ഒറ്റപ്പാലത്ത് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലത്തെച്ചൊല്ലിയുള്ള ആശങ്ക തീരുന്നു. പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ പത്തൊമ്പതാംമൈൽ താമരക്കുളത്തിന് സമീപത്തെ സ്ഥലത്തുതന്നെ അഗ്നിരക്ഷായൂണിറ്റ് വരും. വകുപ്പ് ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട പദ്ധതിയൊരുക്കാനുള്ള നടപടി തുടങ്ങിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ട് കെ. പ്രേംകുമാർ എം.എൽ.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
നവീകരിച്ച താമരക്കുളത്തിന് സമീപത്തെ സ്ഥലം യോഗ്യമല്ലെന്ന ചർച്ച നടന്നിരുന്നു. കിൻഫ്ര പാർക്കിലെ സ്ഥലമുൾപ്പെടെ പരിഗണിക്കയും ചെയ്തിരുന്നു. പിന്നീട് സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം പദ്ധതി വൈകിച്ചു. ഒടുവിലാണ് താമരക്കുളത്തിന് സമീപത്തെ 23.3 സെന്റ് ഭൂമിതന്നെ ഇതിനായി വിനിയോഗിക്കാൻ ധാരണയായത്.
മറ്റ് സ്ഥലങ്ങൾ തള്ളാൻ കാരണമായിരുന്ന പല നിബന്ധനകളും താമരക്കുളത്തിന്റെ കാര്യത്തിൽ പ്രശ്നമാകില്ല. ആവശ്യത്തിന് വെള്ളവും സേനയുടെ വലിയ വാഹനം കടന്നുവരാനും തിരിക്കാനുമുള്ള സ്ഥലമെന്നിവയുമൊക്കെ ഇവിടെയുണ്ട്. ഒപ്പം പട്ടണത്തിനുള്ളിൽ അല്ല, എന്നാൽ പാലക്കാട് -കുളപ്പുള്ളി പാതയോരത്തുമാണ് എന്നതും ഗുണമാണ്.
നടപ്പാക്കാൻ സ്വകാര്യവ്യക്തിയുടെ കുറച്ച് സ്ഥലം ഏറ്റെടുക്കേണ്ടിവരും. അതിനുള്ള നടപടിക്രമങ്ങൾക്ക് തടസ്സം നേരിടില്ലെന്നതാണ് വിവരം. പുതുക്കിയ സംസ്ഥാന ബജറ്റിൽ ഇതിനായി ഒരു കോടിരൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഒറ്റപ്പാലത്ത് അഗ്നിരക്ഷാസേന വന്നാൽ അത് ഷൊർണൂർ അഗ്നിരക്ഷാ സേനയ്ക്കും ഗുണമാണ്. താലൂക്കിലെ വലിയൊരു പ്രദേശമാണ് ഷൊർണൂർസേനയ്ക്ക് കീഴിലുള്ളത്. പലപ്പോഴും കൃത്യമായി എത്തിപ്പെടാൻ സാധിക്കാറില്ല. ഒറ്റപ്പാലത്ത് അഗ്നിരക്ഷാസേന വരുന്നതോടെ ഷൊർണൂരിന്റെ ജോലിഭാരവും കുറയും.