കല്പാത്തിയിൽ ഇന്ന് അഞ്ചാംതിരുനാൾ

പാലക്കാട് : തേരിനൊരുങ്ങുന്ന കല്പാത്തിയിൽ വ്യാഴാഴ്ച അഞ്ചാംതിരുനാൾ. ദേവരഥങ്ങൾ വീഥിയിലിറങ്ങുംമുൻപ്, ചെറിയ ഗോരഥങ്ങളിൽ ദേവതകൾ ഊർവലം നടത്തുന്ന ചടങ്ങാണ് അഞ്ചാംതിരുനാൾ ആഘോഷം.

വ്യാഴാഴ്ച രാത്രി ഗ്രാമപ്രദക്ഷണത്തിനിടയ്ക്ക് ദേവതകൾ, അഗ്രഹാരവീഥികളിലൊന്നായ പുതിയ കല്പാത്തിയുടെ മധ്യഭാഗത്ത് സംഗമിക്കും. കർപ്പൂരാദി തെളിയിച്ചും ദീപാരാധന നടത്തിയും വിശ്വാസികൾ ഗ്രാമദേവതകളെ ആരാധിക്കും.

മൂന്നാംതേരുദിവസം നടക്കുന്ന ദേവരഥസംഗമത്തിന് മുൻപേ, ദേവതകൾ മുഖാമുഖം എത്തുന്നുവെന്നതാണ് ചടങ്ങിന്റെ പ്രത്യേകത.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ഋഷഭവാഹനത്തിലും പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ശേഷശയന അലങ്കാരത്തിലും എഴുന്നള്ളും. പുതിയകല്പാത്തി മന്തക്കരമഹാഗണപതിയും ചാത്തപുരം പ്രസന്നമഹാഗണപതിയും എഴുന്നള്ളിയെത്തുന്നതോടെ കല്പാത്തിയും വിശ്വാസികളും ഭക്തിയിലലിയും. രാത്രി 11-നും 12-നും ഇടയിലാണ് സംഗമം. ശനിയാഴ്ച രഥപ്രയാണം ആരംഭിക്കും.

ചാത്തപുരം കലാസാംസ്കാരിക ഉത്സവത്തിൽ ബുധനാഴ്ച വൈകീട്ട് സൗമ്യ പെരിമ്പടാരി നാരായണന്റെ സംഗീതക്കച്ചേരി നടന്നു. വ്യാഴാഴ്ച വൈകീട്ട് 6.15-ന് കാഞ്ചി കാമകോടി പീഠത്തിന്റെ കീഴിലുള്ള സാമ്പ്രദായ പാഠശാലയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ സാമ്പ്രദായഭജന നടക്കും.

സംഗീതവിരുന്നൊരുക്കി മൂന്നാംദിനം

സംഗീതവിരുന്നൊരുക്കി കല്പപാത്തി ദേശീയസംഗീതോത്സവത്തിന്റെ മൂന്നാംദിനം. രാഘവ് കൃഷ്ണ അവതരിപ്പിച്ച മാൻഡലിൻ കച്ചേരി ഹൃദ്യമായി. സായ് പ്രസാദ് (വയലിൻ), രാജഗോപാൽ രാമമൂർത്തി (മൃദംഗം) എന്നിവർ പക്കമേളമൊരുക്കി.

തുടർന്ന് അമൃത മുരളി അവതരിപ്പിച്ച സംഗീതക്കച്ചേരിയും ആസ്വാദകമനം കവർന്നു. ആലങ്കോട് വി.എസ്. ഗോകുൽ (വയലിൻ), എൻ.സി. ഭരത്വരാജ് (മൃദംഗം), കടനാട് ജി. അനന്തകൃഷ്ണൻ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി. സംഗീതോത്സവം വെള്ളിയാഴ്ച സമാപിക്കും.

സംഗീതോത്സവത്തിൽ ഇന്ന്

പഞ്ചരത്നകീർത്തനാലാപനം 10.30.

പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന വൈകീട്ട് 5.00.

വി.ആർ. ദിലീപ് കുമാർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി 7.00.

കല്പാത്തിയിൽ ഇന്ന്

വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം: മഹാന്യാസപുരസ്സരം, ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാരദീപാരാധന, യാഗശാലാപൂജ, അഷ്ടബലി, വേദപാരായണം രാവിലെ 7.00, ഷോഡശ്ശ ഉപചാരപൂജ, വിശേഷാൽ അലങ്കാരം, യാഗശാലാപൂജ, വേദപാരായണം, അഷ്ടബലി വൈകീട്ട് 6.00, ഗ്രാമപ്രദക്ഷിണം രാത്രി 9.00.

പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം: ശേഷശയന അലങ്കാരം, വിഘ്നേശ്വരപൂജാ സങ്കല്പം 8.30, കളഭാഭിഷേകം 11.00, എഴുന്നള്ളത്ത് രാത്രി 11.00.

പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം: യാഗശാലാപൂജകൾ 6.00, വേദപാരായണം, രുദ്രാഭിഷേകം 8.00, കലശാഭിഷേകം 11.00, വേദപാരായണം വൈകീട്ട് 4.00, പുഷ്പാഭിഷേകം 6.45, സ്വാമി എഴുന്നള്ളത്ത് രാത്രി 11.00.

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം: മഹാഗണപതിഹോമം 6.00, യാഗശാലാപുണ്യാഹം, യാഗശാലാപൂജ, രുദ്രാഭിഷേകം, അഗ്നി ആരാധന, ചതുർവേദ പാരായണം 8.30, ഉത്സവബലി 11.00, യാഗശാലാപുണ്യാഹം, യാഗശാലാപൂജ വൈകീട്ട് 6.00, അഗ്നി ആരാധന, പുഷ്പാഭിഷേകം, ചതുർവേദപാരായണം 7.00, ഉത്സവബലി രാത്രി 8.00, സ്വാമി ഗ്രാമപ്രദക്ഷിണം 10.00.