ദേശീയപാത നവീകരണം പൊല്ലാപ്പായി

കഞ്ചിക്കോട്ട് വീടുകളിൽ വെള്ളംകയറിയ സംഭവം

പാലക്കാട് : കഴിഞ്ഞദിവസം മഴവെള്ളം കുത്തിയൊലിച്ച് വീടിനകത്തേക്ക്‌ വന്നപ്പോൾ കഞ്ചിക്കോട് നായർത്തറയിലെ എഴുപതു വയസ്സുകാരിയായ അമരാവതി സമീപത്തെ വീട്ടിൽ അഭയം തേടി. രാവിലെ തിരിച്ചെത്തിയപ്പോൾ കണ്ടത് ചെളിനിറഞ്ഞ മുറികളും നശിച്ച ഫ്രിഡ്ജും വസ്ത്രങ്ങളുമാണ്. തൊട്ടടുത്ത വീട്ടിലെ 64-കാരി കൗസല്യയുടെ അവസ്ഥയും ഇതുതന്നെ. വീട്ടിനുള്ളിൽ അടിഞ്ഞുകൂടിയ ചെളി നീക്കാൻപോലും കഴിയാതെ, കാലുതെറ്റി വീഴുമോ എന്ന ഭയത്തിലാണ് തനിച്ചു ജീവിക്കുന്ന ഇവരും.

മഴ മാത്രമല്ല കഞ്ചിക്കോട് ദേശീയ പാതയ്ക്കരികിൽ താമസ്സിക്കുന്നവരുടെ പ്രശ്നം. സർവീസ് റോഡ് നിർമാണം ആരംഭിച്ചതുമുതൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് പരിസരവാസികൾ പറയുന്നു. വീടുകൾക്ക് മുൻപിൽ മൺകൂനയാണ്. പല വീടുകളിലേക്കും പോകാൻ വഴിയില്ല. നാട്ടുകാരിയായ അംബികയുടെ വീടിന്റെ മുൻവാതിൽ തുറന്നാൽ കാൽവെക്കുന്നത് പണികഴിയാത്ത അഴുക്കുചാലിലേക്കാണ്.

ഇതിനുമുകളിലൂടെ പോകുന്ന വലിയ കുടിവെള്ള പൈപ്പ് ചാടിക്കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് പോവുന്നത്. ഒരു മാസം മുൻപ്‌ ഈ പൈപ്പ് പൊട്ടി സമീപവാസിയായ സി. ശ്രീമതിയുടെ വീടിനു മുന്നിൽ വെള്ളം കെട്ടിനിന്നിരുന്നു.

ആശുപത്രിയിൽ പോകാനും ദുരിതം

നിർമാണം നടക്കുന്ന വഴിയിലൂടെ തന്നെ വേണം പ്രധാന റോഡിലേക്ക്‌ കടക്കാൻ. സമീപത്തെ നടപാലത്തിനു താഴെയുള്ള സ്ലാബ് തകർന്നിരിക്കുന്നതിനാൽ ഇതിലൂടെയും യാത്ര ദുസ്സഹമാണ്. നിർമാണത്തിനായി പൊളിച്ചിട്ട വഴിയിലൂടെ ഓട്ടോറിക്ഷകൾപോലും വരാൻ തയ്യാറാകുന്നില്ല.

ആഴ്ചകൾക്ക് മുൻപ് സ്ലാബിലെ കൂർത്ത കമ്പിയിൽ തട്ടിവീണ് എൻ. ഹസ്നയുടെ കാൽ ഒടിഞ്ഞു. വഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇവർക്ക് വീണ്ടും പരിശോധനയ്ക്കായി ആശുപത്രിയിൽ പോകാനും കഴിയുന്നില്ല.

ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയെ തുടർപരിശോധനയ്ക്ക് എങ്ങനെ ആശുപത്രിയിലെത്തിക്കുമെന്ന ആശങ്കയിലാണ് എൻ. ഷൈനി. വീടുകൾക്ക് പുറമെ ഒട്ടേറെ കടകളും ഈ ഭാഗത്തുണ്ട്. സാധനങ്ങൾ കൊണ്ടുവരാനും മറ്റും വഴിയില്ലാതെ പ്രയാസത്തിലാണ് കടക്കാർ.

ആശുപത്രി ജങ്ഷൻ മുതൽ നായർതറവരെയുള്ള ഭാഗത്തെ വീട്ടുകാരാണ് ദുരിതമനുഭവിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം മഴവെള്ളവും അഴുക്കുവെള്ളവും ഒഴുകിപ്പോകാനുള്ള സംവിധാനമെങ്കിലും അടിയന്തരമായി ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.