തിരുമൂർത്തി അണക്കെട്ട് തുറന്നു

തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ 94,201 ഏക്കറിന് പ്രയോജനം ലഭിക്കും

തിരുപ്പൂർ : തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ കൃഷി ആവശ്യത്തിനായി തിരുമൂർത്തി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ബുധനാഴ്ച തുറന്നു. പറമ്പിക്കുളം പ്രധാന കനാലും ദളി കനാലും വഴിയാണ് വെള്ളം തുറന്നുവിട്ടത്. പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ 'പാലാർ തടത്തിൽ' വരുന്ന തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ട, മഠത്തുകുളം, തിരുപ്പൂർ, പല്ലടം, ധാരാപുരം താലൂക്കുകളിലും, കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി, സുളൂർ താലൂക്കുകളിലുമായി കിടക്കുന്ന 94,201 ഏക്കറിന് പ്രയോജനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ സി. മുത്തുകുമരൻ പറഞ്ഞു.

ഇടവേളകൾ വിട്ട് ജനുവരി മൂന്നുമുതൽ മൊത്തം 60 ദിവസങ്ങളിലായി 3,500 ദശലക്ഷം ഘനയടി വെള്ളമാവും തുറന്നുവിടുക.

പറമ്പിക്കുളം പ്രധാന കനാലിലൂടെ സെക്കൻഡിൽ 250 ഘനയടിയും ദളി കനാൽ വഴി സെക്കൻഡിൽ 20 ഘനയടി വെള്ളവുമാണ് തുറന്നുവിടുന്നത്. വരും ദിവസങ്ങളിൽ പടിപടിയായി ഉയർത്തി പറമ്പിക്കുളം പ്രധാന കനാലിലൂടെ 912 ക്യൂസെക്‌സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച അണക്കെട്ട് പ്രദേശത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.ജി. അരുൺരാജ് ഷട്ടറുകൾ തുറന്ന് വെള്ളത്തിൽ പുഷ്പവൃഷ്ടി നടത്തി.