6.82 ലക്ഷം രൂപയുടെ ഡിജിറ്റൽ പണമിടപാട് കണ്ടെത്തി

കുന്നത്തൂർ സബ് രജിസ്ട്രാർ കാര്യാലയത്തിൽ വിജിലൻസ് പരിശോധന

തിരുപ്പൂർ : കൈക്കൂലി സംബന്ധിച്ച രഹസ്യ പരാതികളെത്തുടർന്ന് അവിനാശി, കുന്നത്തൂർ സബ് രജിസ്ട്രാർ കാര്യാലയങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ഇതിൽ കുന്നത്തൂർ സബ് രജിസ്ട്രാർ കാര്യാലയത്തിൽ നാല് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് സംശയാസ്പദമായ 6,82,205 രൂപയുടെ ഡിജിറ്റൽ പണമിടപാട് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി.

കുന്നത്തൂർ കാര്യാലയത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവിചന്ദ്രന്റെയും അവിനാശി കാര്യാലയത്തിൽ ഇൻസ്പെക്ടർ കെ. ശശിലേഖയുടെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. അവിനാശിയിൽനിന്ന് കണക്കിൽപ്പെടാത്ത പണമോ, ഡിജിറ്റൽ പണമിടപാടുകളോ കണ്ടെത്തനായില്ല.

തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കുന്നത്തൂർ കാര്യാലയവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം ആരംഭിച്ചു.

കുന്നത്തൂരിൽ സബ് രജിസ്ട്രാർ രാമലിംഗത്തിന്റെ ഫോൺ പരിശോധിച്ചതിൽ ഡിജിറ്റൽ ആപ്പ് വഴി 2,21,540 രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഇതേപോലെ, ജൂനിയർ അസിസ്റ്റന്റ് കസ്തുരിക്ക് 1,38,755 രൂപയും കംപ്യൂട്ടർ ഓപ്പറേറ്ററായ രവിചന്ദ്രന് 1,80,100 രൂപയും മറ്റൊരു ഓപ്പറേറ്ററായ മഹേശ്വരിക്ക് 1,41,810 രൂപയും ലഭിച്ചിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി.