ഒരുകോടിരൂപ ചെലവിൽ; മുളയൻകാവ്‌ പട്ടണനവീകരണം തുടങ്ങി

കുലുക്കല്ലൂർ : ചെർപ്പുളശ്ശേരി-കൊപ്പം-വളാഞ്ചേരി പാതയിലെ മുളയൻകാവ് പട്ടണത്തിന്റെ നവീകരണം ആരംഭിച്ചു. ഒരുകോടിരൂപ ചെലവഴിച്ചാണ് നവീകരണം നടപ്പാക്കുന്നത്. അഴുക്കുചാൽ നിർമാണമാണ് തുടങ്ങിയത്.

കുലുക്കല്ലൂർ വില്ലേജ് ഓഫീസ് മുതൽ മുളയൻകാവ് ക്ഷേത്രംവരെയുള്ള ഭാഗത്താണ് നവീകരണം. 800 മീറ്ററോളം റോഡ് വീതികൂട്ടൽ, ബസ് കാത്തിരിപ്പുകേന്ദ്രം, നടപ്പാത, അഴുക്കുചാൽ ഉൾപ്പെടെയുള്ള പ്രവൃത്തികളും നവീകരണത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. പൊതുമരാത്ത് വകുപ്പിനാണ് നിർമാണച്ചുമതല. നവീകരണത്തിന്റെ ഭാഗമായി നേരത്തേ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. കൈയേറ്റങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരുവശത്താണ് അഴുക്കുചാൽ നിർമാണം നടക്കുന്നത്. ഈ ഭാഗത്തെ കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ചാണ് പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. അഴുക്കുചാൽ നിർമാണം പൂർത്തിയാവുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും കട്ടവിരിക്കൽ പ്രവൃത്തികളും ആരംഭിക്കും.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരാണ് പദ്ധതിക്ക് ഒരുകോടിരൂപ അനുവദിച്ചത്. രണ്ടാംഘട്ടപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനും സർക്കാരിനെ സമീപിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പറഞ്ഞു. ചെർപ്പുളശ്ശേരി-കൊപ്പം-വളാഞ്ചേരി പാതയുടെ നവീകരണവും ലക്ഷ്യമിടുന്നുണ്ട്.