ആറുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

കണ്ണമംഗലത്ത് ലോറി റോഡിനുകുറുകേ കുടുങ്ങി

അമ്പലപ്പാറ : മണ്ണൂർ-അമ്പലപ്പാറ പ്രധാന പാതയിൽ കണ്ണമംഗലത്ത് ലോറി റോഡിന് കുറുകെ കുടുങ്ങി ആറു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസ് സർവീസുകളാണ് പ്രധാനമായും തടസ്സപ്പെട്ടത്. കണ്ണമംഗലം പൊതുവായിൽ പാലത്തിന് സമീപമാണ് ലോറി കുടുങ്ങിയത്.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വേങ്ങശ്ശേരിയിലെ ഹാർഡ് വെയർ സ്ഥാപനത്തിലേക്ക് ലോഡ് ഇറക്കാൻ പാലക്കാട് ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. ചുമട്ടു തൊഴിലാളികളെ എടുക്കാൻ വേണ്ടിവന്ന ലോറി വഴി തെറ്റി വലിയ കയറ്റവും ഇറക്കവും അടുപ്പിച്ചുള്ള പാലത്തിന് സമീപം എത്തി കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങുകയായിരുന്നു.

ലോറി മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ലച്ച് തകരാറിലായി ലോറി മുഴുവനായി റോഡിന് കുറുകെ കുടുങ്ങി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങൾ ലോറിക്കും റോഡിന്റെ അരികിലൂടെയുമുള്ള സ്ഥലത്ത് കൂടി കഷ്ടിച്ചുകടത്തി വിട്ടു. ബസുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് മണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ വേങ്ങശ്ശേരി വയങ്കാവ് സ്റ്റോപ്പിലെത്തിയും അമ്പലപ്പാറ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കണ്ണമംഗലം വരെയും എത്തി യാത്രക്കാരെ ഇറക്കി തിരിച്ചു പോകുകയായിരുന്നു.

കമ്പനിയിൽ നിന്നുള്ള ജീവനക്കാർ എത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.

പാലത്തിന് ഇരുവശങ്ങളിലുമായി റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്. കുഴികൾ കാരണം വാഹനങ്ങൾക്ക് കുത്തനെയുള്ള കയറ്റവും ഇറക്കവും കടന്നു പോകാൻ ഏറെ പ്രയാസമുണ്ട്. ലോഡുമായി വരുന്ന വാഹനങ്ങൾക്ക് കയറ്റം കയറണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കുഴികൾ അടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയായി നടപടിയായിട്ടില്ല.