സിദ്ധ സുരേഷിന് വീട്: വാക്ക് മറക്കാതെ എം.കെ. രാഘവൻ എം.പി.

മുണ്ടൂർ : സ്ഥലം ലഭിക്കുകയാണെങ്കിൽ വീട് നൽകാമെന്ന വാക്ക് കോഴിക്കോട് എം.പി. മറന്നില്ല. സ്കൂൾ കായികമേളയിൽ 80 മീറ്റർ ഹഡിൽസിൽ സ്വർണമെഡൽ നേടിയ സിദ്ധ സുരേഷിന്റെ മുണ്ടൂർ ഒടുവങ്ങാട്ടെ ഒറ്റമുറി വീട്ടിൽ എം.കെ. രാഘവൻ എം.പി. എത്തി. വി.കെ. ശ്രീകണ്ഠൻ എം.പിയും കൂടെയുണ്ടായിരുന്നു.
മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധ സുരേഷിന് കോഴിക്കോട് നടന്ന കായികമേളയുടെ സമ്മാനവിതരണച്ചടങ്ങിലാണ് സ്ഥലം ലഭിക്കുകയാണെങ്കിൽ വീട് വെച്ചുകൊടുക്കാമെന്ന് എം.കെ. രാഘവൻ എം.പി. വാഗ്ദാനം ചെയ്തത്.
മുണ്ടൂർ മൈലംപുള്ളിയിലെ സി.ആർ.സി. ക്ലബ്ബാണ് സ്ഥലം വാങ്ങി നൽകാൻ തയ്യാറായിരിക്കുന്നത്. ‘ഹെൽത്ത് ഈസ് വെൽത്ത്’ എന്ന മുദ്രാവാക്യവുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന മുണ്ടൂരിലെ കൂട്ടായ്മയാണ് ചേഞ്ച് റിക്രിയേഷൻ കമ്മ്യൂണിറ്റി (സി.ആർ.സി.) ക്ലബ്.
സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാൽ വീടിന്റെ പണി ആരംഭിക്കുമെന്നും അതിനായി അടങ്കലും പ്ലാനും ഉടൻ തയ്യാറാക്കുമെന്നും എം.പി. പറഞ്ഞു. വീടുവെക്കാൻ ക്ലബ് നൽകുന്ന സ്ഥലവും സന്ദർശിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തെ രണ്ട് എം.പി. മാരും അഭിനന്ദിച്ചു.
സിദ്ധയുടെ കായികാധ്യാപകരായ എൻ.എസ്. സിജിൻ, കെ. സൂരജ്, മുണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. മനോജ,് കെ.പി.സി.സി. സെക്രട്ടറി ബാലഗോപാൽ, പ്രൗഡ് ഓഫ് മലമ്പുഴ ചെയർമാൻ എ. സുരേഷ്, സി.ആർ.സി. ക്ലബ് പ്രസിഡന്റ് എം.വി. കൃഷ്ണനുണ്ണി, അഭിലാഷ് ഭാസ്കരൻ, വി.എസ്. ദേവാനന്ദ്, എസ്. രമേശ് തുടങ്ങിയവർ സംബന്ധിച്ചു.