വടക്കഞ്ചേരി ഇടത് മേൽപ്പാലം തുറന്നു

വലത് മേൽപ്പാലം ഉടൻ അടച്ചേക്കും
വടക്കഞ്ചേരി : വാളയാർ-മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരിയിലെ ഇടതുമേൽപ്പാലം (തൃശ്ശൂർ ദിശയിലേക്കുള്ളത്) ഗതാഗതത്തിനായി തുറന്നു. ജോയിന്റുകൾ കുത്തിപ്പൊളിച്ചുള്ള നവീകരണത്തിനായി മൂന്നുമാസം മുമ്പാണ് മേൽപ്പാലം അടച്ചത്. വലത് മേൽപ്പാലത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഇരുദിശയിലേക്കും ഒറ്റവരിയായി ഗതാഗതം ക്രമീകരിച്ചിരുന്നെങ്കിലും ജോയിന്റിലെ കോൺക്രീറ്റ് 10 ദിവസംമുമ്പ് ഇടിഞ്ഞ് താഴ്ന്നതോടെ തൃശ്ശൂർദിശയിലേക്കുള്ള ഗതാഗതം നിരോധിക്കേണ്ടിവന്നു. സർവീസ് റോഡ് വഴിയാണ് പിന്നീട് ഗതാഗതം തിരിച്ചുവിട്ടത്. ഇത് പതിവായി ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെ യാത്രക്കാർക്ക് ദുരിതമായി. പ്രതിഷേധങ്ങളും ശക്തമായി. എത്രയും വേഗം ഇടത് മേൽപ്പാലത്തിലെ ജോലി പൂർത്തിയാക്കണമെന്ന് ദേശീയാപാതാ അതോറിറ്റി കർശന നിർദേശം നൽകിയതിനെത്തുടർന്ന് കരാർ കമ്പനി യുദ്ധകാലാടിസ്ഥാനത്തിൽ ജോലി പൂർത്തിയാക്കുകയായിരുന്നു.
വലത് മേൽപ്പാലത്തിൽ കോൺക്രീറ്റ് ഇടിഞ്ഞ ജോയിന്റിലും തകരാർ കണ്ടെത്തിയ മറ്റ് ജോയിന്റിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ജോലി വേഗം പൂർത്തിയാക്കുന്നതിനായി വലത് മേൽപ്പാലം ഉടൻ അടച്ചേക്കും. വലത് മേൽപ്പാലം അടച്ചാൽ ഇടത് മേൽപ്പാലം വഴിയാകും ഇരു ദിശയിലേക്കും വാഹനങ്ങൾ കടത്തിവിടുക. അതേസമയം വടക്കഞ്ചേരി മേൽപ്പാലങ്ങളിൽ നാല് വർഷത്തിനിടെ 120 തവണ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കേണ്ട സാഹചര്യമുണ്ടായതിനെത്തുടർന്ന് വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.