ദേവരഥങ്ങളുടെ അറ്റകുറ്റപ്പണിതുടങ്ങി

കല്പാത്തി രഥോത്സവ കൊടിയേറ്റത്തിന് മൂന്നുനാൾ ബാക്കി
പാലക്കാട് : രഥോത്സവം കൊടിയേറാൻ മൂന്നുനാൾമാത്രം ബാക്കിനിൽക്കെ, ഉത്സവത്തിനായുള്ള അന്തിമ ഒരുക്കങ്ങളിലേക്ക് കല്പാത്തി. രഥോത്സവത്തിന്റെ പ്രധാനകേന്ദ്രമായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ പ്രധാന തേരുൾപ്പെടെ മൂന്നുതേരുകളും അറ്റകുറ്റപ്പണികൾക്കായി രഥധാമത്തിൽനിന്ന് പുറത്തിറക്കി.
പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയകല്പാത്തി മന്തക്കരമഹാഗണപതിക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണപ്രവർത്തനങ്ങളും ആരംഭിച്ചു.
കൊടിയേറ്റദിനമായ എട്ടിന് മുൻപ് പണികൾതീർക്കുമെന്ന് ക്ഷേത്രംഭാരവാഹികൾ പറഞ്ഞു.
പെരുമാൾക്ഷേത്രത്തിൽ ഉൾപ്പെടെ എടുപ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ വാഹനപൂജകൾ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് നടക്കും. രഥോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തീരുമാനിച്ചിരുന്ന കാര്യങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്ടറുടെയും ക്ഷേത്രംഭാരവാഹികളുടെയും യോഗം വ്യാഴാഴ്ച ചേരും.ശനിയാഴ്ച അഗ്രഹാരങ്ങളിൽ വാസ്തുശാന്തിയാണ്. എട്ടിനാണ് ഗ്രാമക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറുക.
നവീകരിച്ച കല്യാണമണ്ഡപത്തിന്റെ പുനർസമർപ്പണം ഇന്ന്
പുതിയകല്പാത്തിയിൽ നവീകരിച്ച മഹാഗണപതി കല്യാണമണ്ഡപത്തിന്റെ പുനർസമർപ്പണം വ്യാഴാഴ്ച നടക്കും. വൈകീട്ട് ഏഴിനാണ് സമർപ്പണം.