പിരായിരി, മാത്തൂർ പഞ്ചായത്തുകളിലെ ജൽജീവൻ പദ്ധതി പുനരാരംഭിക്കണം -മന്ത്രി

2027 മാർച്ച് 31-നകം കമ്മിഷൻ ചെയ്യണം
പാലക്കാട് : പിരായിരി, മാത്തൂർ പഞ്ചായത്തുകളിലെ മുടങ്ങിക്കിടക്കുന്ന ജൽജീവൻ പദ്ധതികൾ ഉടൻ പുനരാരംഭിക്കണമെന്ന് കരാറുകാരോട് മന്ത്രി മോൻസ് ജോസഫ് നിർദേശിച്ചു. രമേഷ് പിഷാരടി എം.എൽ.എ.യുടെ അഭ്യർഥനപ്രകാരം പാലക്കാട് മണ്ഡലത്തിലെ കുടിവെള്ളവിതരണ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം നൽകിയത്. ജല അതോറിറ്റിയുടെ ടെക്നിക്കൽ അംഗം, ദക്ഷിണ റീജൺ ചീഫ് എൻജിനിയർ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ, സൂപ്രണ്ടിങ് എൻജിനിയർ, എക്സി. എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ ജൽജീവൻമിഷൻ പ്രവൃത്തികൾ 2027 മാർച്ച് 31-നകം കമ്മിഷൻ ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചതായി എം.എൽ.എ. അറിയിച്ചു. ബാക്കിയുള്ള ഒരു ബില്ലിന്റെ തുക കൂടി ലഭിക്കുകയാണെങ്കിൽ പ്രവൃത്തികൾ മാർച്ചോടെ പൂർത്തീകരിക്കാമെന്ന് കരാറുകാരന്റെ പ്രതിനിധി അറിയിച്ചു. ധനകാര്യവകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ. പറഞ്ഞു.
അഞ്ചാംമൈൽ-അത്താലൂർ റോഡ് പൈപ്പ്‌ലൈൻ ഇടുന്ന ബാക്കി പ്രവൃത്തി ഒക്ടോബർ അഞ്ചിനുമുൻപ് തീർത്ത് റോഡ് കൈമാറണമെന്നും കണ്ണനൂർ-ചുങ്കമന്ദം-മാത്തൂർ റോഡിൽ എത്രയും വേഗം പൈപ്പ്‌ലൈൻ ജോലികൾ പൂർത്തീകരിച്ച് കെ.ആർ.എഫ്.ബി.ക്ക് കൈമാറണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
നഗരസഭയിലെ വെണ്ണക്കര, തിരുനെല്ലായി പാളയം, മണലാഞ്ചേരി, മൂത്താൻതറ, മനയ്ക്കൽതൊടി, പിരായിരി ഗ്രാമപ്പഞ്ചായത്തിലെ മെട്രോനഗർ, മാപ്പിളക്കാട്, കല്ലേക്കാട്, കുറുക്കൻപാറ, ഫാത്തിമ റോഡ്, ഉണ്ണീരാംകുന്ന്, എറയപ്പൊറ്റ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന്റെ വിഷയവും എം.എൽ.എ. ചൂണ്ടിക്കാട്ടി. നഗരസഭയിലെ കുടിവെള്ളക്ഷാമമില്ലാതാക്കാൻ മൂത്താന്തറയിലെ ടാങ്കിൽനിന്നുള്ള ജലവിതരണ ശൃംഖല ശക്തിപ്പെടുത്തും.
ഉപരിതല ജലസംഭരണിയുടെ (ഒ.എച്ച്.എസ്.ആർ.) രണ്ടുഭാഗത്ത് ഇന്റർകണക്ഷൻ ജോലി പൂർത്തീകരിച്ച് രണ്ടാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കും.
പറമ്പിക്കുളം-ആളിയാർ കരാർപ്രകാരം ചിറ്റൂർ പുഴയിലേക്ക് മതിയായ വെള്ളം ലഭ്യമാക്കുന്നതിന് തമിഴ്നാട് സർക്കാരുമായി ഇടപ്പെട്ട് പരിഹാരം കാണാനും യോഗത്തിൽ തീരുമാനിച്ചെന്ന് എം.എൽ.എ അറിയിച്ചു. ജല അതോറിറ്റിയുടെ ഒരു സെക്ഷൻ ഓഫീസുകൂടി മണ്ഡലത്തിൽ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായും എം.എൽ.എ. പറഞ്ഞു.