തിരുപ്പരങ്കുണ്ഡ്രത്തെ ദീപം തെളിയിക്കൽ ആചാരപ്രകാരമെന്ന് ക്ഷേത്രം അധികൃതർ

മധുര : തിരുപ്പരങ്കുണ്ഡ്രം മലമുകളിലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ ദീപമണ്ഡപത്തിൽ ആചാരപ്രകാരമാണ് കാർത്തികദീപം തെളിയിച്ചതെന്ന് ക്ഷേത്രം അധികൃതർ. സുബ്രഹ്മണ്യസ്വാമിക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ജി. സെൽവി, ട്രസ്റ്റി ബോർഡ് ചെയർമാൻ വി. ഷൺമുഖസുന്ദരം എന്നിവർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തിരുപ്പരങ്കുണ്ഡ്രത്ത് സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ബി.ജെ.പി.യും വിവിധ ഹിന്ദുസംഘടനകളും പ്രതിഷേധിച്ചു.
ക്ഷേത്രങ്ങളിൽ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങൾ പാലിച്ച് ആഗമവിധിപ്രകാരമാണ് ചൊവ്വാഴ്ച വൈകീട്ട് കാർത്തികദീപം തെളിയിച്ചതെന്നും കാർത്തികോത്സവം സമാധാനപരമായി നടത്തുകയാണ് ലക്ഷ്യമിട്ടതെന്നും ക്ഷേത്രം അധികൃതരുടെ പ്രസ്താവനയിൽ പറയുന്നു.
മലമുകളിലെ കൽത്തൂണിൽ ദീപം തെളിയിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിരുന്നെന്ന് ജില്ലാഭരണകൂടം അറിയിച്ചു. എന്നാൽ, ക്ഷേത്രം ദേവസ്വംബോർഡ് ഇക്കാര്യത്തിൽ ആശങ്കയറിയിച്ചു. തീരുമാനമെടുക്കാൻ തങ്ങളെ അനുവദിക്കണമെന്നും അഭ്യർഥിച്ചു. പിന്നീട് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചേർന്ന് പരമ്പരാഗതമായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ദീപമണ്ഡപത്തിൽ ദീപം തെളിയിക്കാൻ പ്രമേയം പാസാക്കുകയായിരുന്നെന്നും ജില്ലാഭരണകൂടം പറയുന്നു.
ക്ഷേത്രത്തിനു സമീപം വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മലമുകളിലേക്ക് ഭക്തരെ ബുധനാഴ്ചയും പ്രവേശിപ്പിച്ചില്ല.
മലയിലേക്കുള്ള പ്രവേശനകവാടത്തിനു ചുറ്റും ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. ആധാർകാർഡ് ഉൾപ്പെടെ പരിശോധിച്ച ശേഷം പ്രദേശവാസികളായ ആളുകളെമാത്രമാണ് കടത്തിവിടുന്നത്.
ചൊവ്വാഴ്ച വൈകീട്ട് പ്രതിഷേധപ്രകടനം നടത്തിയ മുന്നൂറോളം പേർക്കെതിരേ മധുര പോലീസ് കേസെടുത്തു.
ചെന്നൈ : തിരുപ്പറങ്കുണ്ഡ്രം മലയിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത 300 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.
ഇതിൽ ഭൂരിഭാഗവും ബി.ജെ.പി., ഹിന്ദുമുന്നണി പ്രവർത്തകരാണ്. അനുമതിയില്ലാതെ സംഘം ചേരൽ, പൊതുസമാധാനം തകർക്കൽ തുടങ്ങി ആറു വകുപ്പുകൾ പ്രകാരമാണ് മധുര പോലീസ് കേസെടുത്തത്.
സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ തിരുപ്പറങ്കുണ്ഡ്രത്തും പരിസര പ്രദേശങ്ങളിലും ബുധനാഴ്ചയും കനത്ത പോലീസ് സുരക്ഷ തുടർന്നു. 5,618 പോലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. നിരീക്ഷണത്തിനായി 70-ലധികം സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചു. മലമുകളിലേക്ക് ഭക്തർക്കും പൊതുജനങ്ങൾക്കും രണ്ടാംദിവസവും പ്രവേശനം വിലക്കി.
തൃക്കാർത്തികദിനമായ ചൊവ്വാഴ്ച മലമുകളിലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപത്തെ പരമ്പരാഗത സ്ഥലത്ത് ദീപം തെളിയിച്ചിരുന്നു. എന്നാൽ, സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവെന്നും ഇത് ലംഘിച്ചെന്നുമാരോപിച്ചാണ് പ്രതിഷേധമുയർന്നത്.
മുൻകരുതൽ നടപടിയെന്ന നിലയിൽ ബി.ജെ.പി. നേതാക്കളായ മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ, തമിഴിസൈ സൗന്ദർരാജൻ, പൊൻ രാധാകൃഷ്ണൻ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.