മംഗലം-ഗോവിന്ദാപുരം പാതയിലെ നിരപ്പ് വ്യത്യാസം; അപകടഭീഷണിയാകുന്നു

ചിറ്റിലഞ്ചേരി : മംഗലം-ഗോവിന്ദാപുരം പാത നവീകരണത്തിനുപിന്നാലെ പാതയിലെ നിരപ്പ് വ്യത്യാസം വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. വടക്കഞ്ചേരിമുതൽ ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിവരെയുള്ള ഭാഗമാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി കൂടുതൽ തകർന്നതും സമാന്തരമില്ലാത്തതുമായ ഭാഗങ്ങളിൽ നിരപ്പ് ക്രമീകരിച്ച് പുതിയ ടാറിങ് നടത്തിയതോടെ റോഡിന്റെ വശങ്ങളിൽ ഉയരംകൂടി. ഇതോടെ വാഹനങ്ങൾ പാതയിൽനിന്ന് തെന്നിയിറങ്ങിയാൽ താഴ്ചയിലേക്കാണ് എത്തുക.
നെന്മാറ എൻ.എസ്.എസ്. കോളേജ് ഇറക്കത്തിലും ഗോമതിയിലും കടമ്പിടി പള്ളി ഇറക്കത്തിലും ചില ഭാഗങ്ങളിൽ പാതയിലെ ടാറിങും വശങ്ങളും തമ്മിൽ ഒന്നര അടിയോളമാണ് വ്യത്യാസമുള്ളത്.
അന്തർസംസ്ഥാന പാതയായതിനാൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയിലാണ് നിരപ്പ് വ്യത്യാസം അപകടഭീഷണിയായി മാറുന്നു.
രാത്രികാലങ്ങളിൽ നിരപ്പ് വ്യത്യാസം കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, ടാറിങ് പൂർത്തിയാക്കിയശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ നിരപ്പ് വ്യത്യാസം നിലനിൽക്കുന്ന ഭാഗങ്ങളിൽ മണ്ണിട്ട് ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ആലത്തൂർ സെക്ഷൻ അസി. എൻജിനിയർ പറഞ്ഞു.