അണക്കെട്ടുകളിൽ വെള്ളം കുറയുന്നു

തുലാവർഷവും കൈവിട്ടു

നാല് അണക്കെട്ടുകളിൽ വെള്ളം 60 ശതമാനത്തിൽത്താഴെ

പാലക്കാട് : കാലവർഷമോ ചതിച്ചു, തുലാമഴയെങ്കിലും കിട്ടണേയെന്ന് പ്രാർഥിച്ച പാലക്കാട്ടുകാർക്കിപ്പോൾ വരാനിരിക്കുന്ന വേനലിനെ ഓർത്തുള്ള ആധിയാണ്. തുലാമാസം തീരാൻ ഇനി ആറുദിവസം കൂടിയേയുള്ളൂ. ഒക്ടോബർമുതൽ ഇടമുറിയാതെ പെയ്യേണ്ട മഴ, നവംബർ പകുതിയോടടുത്തിട്ടും കാര്യമായി ലഭിച്ചിട്ടില്ല. ഇതോടെ അണക്കെട്ടുകളും വറുതിയുടെ നിഴലിലാണ്. ആകെയുള്ള ഏഴ് അണക്കെട്ടുകളിൽ നാലെണ്ണത്തിലും 60 ശതമാനംപോലും വെള്ളമില്ല. ചുള്ളിയാർഡാമിൽ ഉൾപ്പെടെ കൃഷിക്ക് വെള്ളംനൽകാനും നിലവിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്.

ജില്ലയിൽ ഈവർഷം 33 ശതമാനത്തോളം മഴക്കുറവുണ്ടായെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

വേനലടുത്താൽ വരൾച്ചയിലേക്കു നീങ്ങാറുള്ള പാലക്കാടിന് ഈ മഴക്കുറവ് വലിയ തലവേദന സൃഷ്ടിക്കും. മലമ്പുഴ ഉൾപ്പെടെയുള്ള അണക്കെട്ടുകളെയും ഭാരതപ്പുഴയടക്കമുള്ള പുഴകളെയും ആശ്രയിച്ചുള്ള പാലക്കാടിന്റെ കുടിവെള്ളവിതരണ പദ്ധതികൾ താളംതെറ്റാതിരിക്കാൻ അധികൃതർ ഒരുക്കംതുടങ്ങി.

അണക്കെട്ടുകളിൽ കുടിവെള്ളത്തിനായുള്ള കരുതൽശേഖരം നിലനിർത്തി, ബാക്കിയുള്ള വെള്ളംമാത്രം കൃഷിക്ക് നൽകിയാൽ മതിയെന്ന നിലപാട് പല ഡാം അധികൃതരും സ്വീകരിച്ചുകഴിഞ്ഞു. മഴക്കുറവ് രണ്ടാംവിള നെൽക്കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക കർഷകരുടെയും ഉറക്കംകെടുത്തുന്നുണ്ട്. ഫെബ്രുവരിവരെ കനാൽവെള്ളം കിട്ടിയില്ലെങ്കിൽ കൃഷി രക്ഷിക്കാനാവില്ലെന്ന് കർഷകരും പറയുന്നു.

മലമ്പുഴയിലും പോത്തുണ്ടിയിലും കുടിവെള്ളം കരുതണം; കൃഷിക്ക് പോരാ

കഴിഞ്ഞവർഷം തുലാമാസം അവസാനിക്കാറാകുമ്പോൾ, നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു മലമ്പുഴ അണക്കെട്ട്. അന്ന് ജലനിരപ്പ് ക്രമീകരിക്കാൻ സ്പിൽവേ ഷട്ടറുകൾപോലും തുറന്നു. ഇപ്പോഴത്തെ കാഴ്ചകൾ പക്ഷേ, അങ്ങനെയല്ല. 60 ശതമാനം വെള്ളം പോലും മലമ്പുഴ അണക്കെട്ടിലില്ല.

ജൂൺവരെ കുടിവെള്ളത്തിനായുള്ള കരുതൽശേഖരം മാറ്റിവെച്ചാൽ, 44 ദിവസത്തേക്ക് മാത്രമേ മലമ്പുഴയിൽനിന്ന് കൃഷിക്ക് വെള്ളം നൽകാനുണ്ടാവൂയെന്ന് അധികൃതർ പറയുന്നു. നവംബർ മുതൽ ഫെബ്രുവരിവരെയാണ് മലമ്പുഴയിൽനിന്ന് കൃഷിക്ക് വെള്ളം നൽകാറുള്ളത്. ഇക്കുറി വെള്ളമില്ലാത്തതിനാൽ വിതരണദിവസം കുറക്കേണ്ടിവരും. അടുത്തയാഴ്ചയോടെ കളക്ടറുടെ അധ്യക്ഷതയിൽ കർഷകരുടെ യോഗം വിളിച്ചുചേർത്ത്, ജലവിതരണ കാര്യങ്ങൾ ചർച്ചചെയ്യാനാണ് അധികൃതരുടെ തീരുമാനം.കുടിവെള്ളത്തിനും കൃഷിക്കും വെള്ളംനൽകുന്ന പോത്തുണ്ടി അണക്കെട്ടിലും കാര്യങ്ങൾ പരുങ്ങലിലാണ്. 69.6 ശതമാനമാണ് നിലവിൽ ജലനിരപ്പ്. ഏഴുമുതൽ

പത്തടിവരെയെങ്കിലും കുടിവെള്ളത്തിനായി ശേഖരിക്കും. അതുകഴിഞ്ഞുള്ള വെള്ളമേ കൃഷിക്ക് നൽകാനാവൂ. കൃഷിക്ക് നൽകാൻ 40 ദിവസത്തേക്കുള്ള വെള്ളമേ ഉള്ളൂവെന്ന് അധികൃതർ പറഞ്ഞു.

ചുള്ളിയാറിൽ വെള്ളം നൽകാനില്ല, വാളയാറിലും മീങ്കരയിലും നാമമാത്രം

ചെറിയ സംഭരണശേഷിയുള്ള വാളയാർ, ചുള്ളിയാർ, മീങ്കര അണക്കെട്ടുകളിലും ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലാണ്. കൃഷിക്ക് വെള്ളംനൽകുന്ന ചുള്ളിയാറിൽ 11 ശതമാനവും വാളയാറിൽ 29 ശതമാനവും മാത്രമാണ് വെള്ളം.

ചുള്ളിയാറിൽ ഇക്കുറി കൃഷിക്ക് വെള്ളം നൽകാനില്ലെന്നും വാളയാറിൽ ആറുദിവസത്തേക്ക് വിതരണം ചെയ്യാനുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂവെന്നും അധികൃതർ പറഞ്ഞു. കൃഷിക്കും കുടിക്കാനും വെള്ളം വിതരണംചെയ്യുന്ന മീങ്കര അണക്കെട്ടിൽ 45.31 ശതമാനമാണ് ജലനിരപ്പ്. ജൂൺവരെയുള്ള കുടിവെള്ളം നീക്കിവെച്ചാൽ, വെറും 13 ദിവസത്തേക്ക് കൃഷിക്ക് നൽകാനുള്ള വെള്ളമേ ഇവിടെയുമുള്ളൂ. കുടിവെള്ളക്ഷാമം ഒഴിവാക്കാൻ, മൂലത്തറ റെഗുലേറ്ററിലെത്തുന്ന ആളിയാർ വെള്ളം ഇവിടേക്ക് ഇറക്കിയാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിച്ചത്.

കാഞ്ഞിരപ്പുഴയിലും മംഗലത്തും പേടിവേണ്ടാ

കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളിൽ മാത്രമാണ് ജലനിരപ്പ് 90 ശതമാനത്തിന് മുകളിലുള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചതും നീരൊഴുക്ക് വർധിച്ചതും ജലനിരപ്പ് കൂടാൻ സഹായിച്ചു.

കാഞ്ഞിരപ്പുഴയിൽ 98 ശതമാനം വെള്ളമുണ്ട്. നിലവിൽ അഞ്ച് സെന്റീമീറ്റർ വീതം ഷട്ടർതുറന്ന് ജലക്രമീകരണവും നടക്കുന്നുണ്ട്. സാധാരണ കുടിവെള്ളത്തിനും കൃഷിക്കും ഇവിടെനിന്ന് വെള്ളം നൽകാറുണ്ടെങ്കിലും നിലവിൽ കൃഷിക്ക് വെള്ളം നൽകുന്നില്ല. കനാൽപ്പണികളും വൃത്തിയാക്കലും പൂർത്തിയാക്കിയശേഷമേ അതിലേക്ക് കടക്കാനാവൂ.90.59 ശതമാനം വെള്ളമുള്ള മംഗലം അണക്കെട്ടിൽ 96 ദിവസത്തേക്ക് കൃഷിക്ക് വെള്ളംനൽകാനാവുമെന്ന് അധികൃതർ പറഞ്ഞു. കൃഷിക്ക് മാത്രമാണ് ഇവിടെനിന്ന് വെള്ളം നൽകുന്നത്.