ഇനിയും തുറന്നില്ല തൊഴിലാളികളുടെ വിശ്രമകേന്ദ്രം

വാണിയംകുളം : ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും വാണിയംകുളം കന്നുകാലിച്ചന്തയിലേക്കുവരുന്ന തൊഴിലാളികൾക്കായുള്ള വിശ്രമകേന്ദ്രം തുറന്നുനൽകിയില്ല. രാത്രിയിൽ വിശ്രമിക്കണമെങ്കിൽ പാതയോരവും സമീപ കടത്തിണ്ണകളുമാണ് ഇപ്പോഴും ആശ്രയം. 2025 നവംബറിലാണ് പി. മമ്മിക്കുട്ടി എം.എൽ.എ. വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനംനടത്തിയത്. എന്നാൽ ഒരുവർഷമായിട്ടും വിശ്രമകേന്ദ്രവും ശൗചാലയവും പഞ്ചായത്ത് തുറന്നുനൽകിയിട്ടില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.
വാണിയംകുളം
കന്നുകാലിച്ചന്തയിലേക്ക് കന്നുകാലികൾക്കൊപ്പം തലേദിവസം എത്തുന്ന തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ചന്തയിൽ എത്തുന്ന തൊഴിലാളികൾ രാത്രിയിൽ ഉറങ്ങാൻ റോഡിന്റെ വശങ്ങളോ, ലോറികളോ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. വർഷങ്ങളായി കച്ചവടക്കാരുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു വിശ്രമിക്കാനുള്ള സ്ഥലം.
കേരളത്തിനുപുറമേ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എല്ലാ ആഴ്ചയിലും വാണിയംകുളത്തേക്ക് ലോഡുകണക്കിന് കാലികളെത്തുന്നുണ്ട്. ഇതിനൊപ്പം നിരവധി തൊഴിലാളികളും ഉണ്ടാകാറുണ്ട്. വ്യാഴാഴ്ചയാണ് വാണിയംകുളം കന്നുകാലിച്ചന്ത. എന്നാൽ ചൊവ്വാഴ്ച രാത്രി മുതൽതന്നെ ഇതര സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികൾ എത്തിത്തുടങ്ങും.
പഞ്ചായത്ത് വിശ്രമകേന്ദ്രം തുറന്നുനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. ചന്ത ലേലം എടുത്ത തുകയ്ക്കുപുറമേ വിശ്രമകേന്ദ്രത്തിനായി വീണ്ടും തുകയടക്കണം. വിശ്രമകേന്ദ്രത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ഈ തുകയിൽനിന്ന് ഈടാക്കുകയും ചെയ്യും, ബാക്കിത്തുകയേ തിരികെ ലഭിക്കൂ.
കന്നുകാലികളുടെ വരവ് കുറഞ്ഞതോടെ, നിലവിൽ ചന്ത നഷ്ടത്തിലാണ്. അതുകൊണ്ടാണ് അധിക തുകനൽകി വിശ്രമകേന്ദ്രം എടുക്കാത്തതെന്ന് ചന്ത നടത്തിപ്പുകാർ പറഞ്ഞു. വിശ്രമകേന്ദ്രം തുറന്നുനൽകുന്നതിന് ചന്ത നടത്തിപ്പുകാർക്ക് നിർദേശം നൽകിയിരുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ പറഞ്ഞു.