കുളത്തിൽ മരങ്ങൾ വെട്ടിയിട്ടതായി പരാതി

പെരിങ്ങോട്ടുകുറുശ്ശി : ക്ഷേത്രസംരക്ഷണ സമിതി മേൽനോട്ടത്തിലുള്ള പഞ്ചായത്തിന്റെ പൊതുകുളം മലിനപ്പെടുത്തിയതായി ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്.
പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ഏറ്റവുംവലിയ പൊതുകുളങ്ങളിലൊന്നായ, പരുത്തിപ്പുള്ളി ചെരാംകുളങ്ങര ഭഗവതിക്ഷേത്രത്തിന് സമീപത്തെ കുളമാണ് മലിനമായത്. പ്രദേശത്തെ നിരവധിയാളുകൾ ദിവസേന കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന കുളമാണിത്.
കുളക്കരയിലെ മരത്തിൽ കൂട്ടമായി തമ്പടിച്ച കൊറ്റികളെ തുരത്തുന്നതിന്റെ ഭാഗമായി, മരത്തിന്റെ കൊമ്പുമുറിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ, മരംമുറിച്ച കരാറുകാർ മരച്ചില്ലകൾ കുളത്തിലേക്ക് തള്ളിയെന്നാണ് നാട്ടുകാരുടെ ആരോപണം.
മരങ്ങളും ഇലകളും ചീഞ്ഞളിഞ്ഞതും കൊറ്റികളുടെ കാഷ്ഠം വെള്ളത്തിൽ കലർന്നതും ഒരേക്കറോളം വിസ്തൃതിയുള്ള കുളത്തിലെ വെള്ളത്തിന്റെ നിറം മാറാനും ദുർഗന്ധമുണ്ടാകാനും കാരണമായി. കുളത്തിൽ കുളിക്കുന്നവർക്ക് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്.
മരച്ചില്ല മുറിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നെങ്കിലും മുറിച്ച മരങ്ങൾ കുളത്തിൽ തള്ളിയത് ഗുരുതര വീഴ്ചയാണെന്ന് രണ്ടാംവാർഡ് അംഗം വിജയനും എട്ടാം വാർഡ് അംഗം രതീഷും പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കളക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയതായി കോൺഗ്രസ് പെരിങ്ങോട്ടുകുറുശ്ശി മണ്ഡലംകമ്മിറ്റി പ്രസിഡന്റ് സുരേഷ് അറിയിച്ചു.
അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുറിച്ചമരങ്ങൾ എടുത്തുമാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.പി. പ്രമോദ് പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാംപിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.