പക്ഷിപ്പനി: വാളയാർ ഉൾപ്പെടെ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം

കോയമ്പത്തൂർ : പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുവരുന്ന ചരക്കുവാഹനങ്ങൾ പരിശോധിക്കാൻ കോയമ്പത്തൂർ അതിർത്തിയിലെ 12 ചെക്‌പോസ്റ്റുകളിലും സംവിധാനങ്ങളുമായി തമിഴ്‌നാട് മൃഗസംരക്ഷണവകുപ്പ്.
വാളയാർ, വേലന്താവളം, ആനക്കട്ടി തുടങ്ങി 12 ചെക്‌പോസ്റ്റുകളിലും മൃഗസംരക്ഷണവകുപ്പിന്റെ സ്‌ക്വാഡുകളെ നിയോഗിച്ചു.
കോഴികളെയും മറ്റും കൊണ്ടുപോകുന്ന വണ്ടികൾ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടർ ചിത്രയുടെ നേതൃത്വത്തിൽ വാളയാർ ചെക്ക്‌പോസ്റ്റിൽ പരിശോധന നടത്തുകയും ചെയ്തു.
തമിഴ്‌നാട്ടിലും കേരളത്തിലും കഴിഞ്ഞദിവസങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ നാമക്കൽ മേഖലയിൽ കോഴിമുട്ട കയറ്റുമതി പ്രതിസന്ധിയിലായിട്ടുണ്ട്. കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗവ്യാപനം ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് വരുന്ന ചരക്കുവാഹനങ്ങൾ അതിർത്തികളിൽ തടഞ്ഞ് ഏത് ജില്ലയിൽ നിന്നാണ് വരുന്നതെന്ന് രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്. കോഴികളെയും കൊണ്ടുപോകുന്ന വണ്ടികളാണ് അണുവിമുക്തമാക്കുന്നത്.