മഴയും മണ്ണിടിച്ചിലും മേട്ടുപ്പാളയം-കൂനൂർപാത തുറക്കൽ വൈകും

കോയമ്പത്തൂർ : കനത്തമഴയും മണ്ണിടിച്ചിലുംമൂലം ഗതാഗതം നിരോധിച്ച മേട്ടുപ്പാളയം-കൂനൂർ ദേശീയപാത തുറക്കാൻ കൂടുതൽദിവസം വേണ്ടിവരും. റോഡിലേക്ക് വീണുകിടന്നിരുന്ന പാറയും മരങ്ങളും മണ്ണും നീക്കിത്തുടങ്ങി. എന്നാൽ, മഴ വീണ്ടും ശക്തമായത് പ്രവർത്തനത്തെ ബാധിച്ചു.

വെള്ളിയാഴ്ചരാത്രി ബർളിയാറിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന സർക്കാർബസ് മണ്ണിനടിയിൽക്കുടുങ്ങുകയും ഡ്രൈവർ ഊട്ടി കാട്ടേരി സ്വദേശി ജനകരാജൻ മരിക്കുകയുമുണ്ടായി. തിങ്കളാഴ്ചവരെയാണ് യാത്രാനിരോധനം അറിയിച്ചിരിക്കുന്നത്. റോഡിലെ മരങ്ങളും ചെളിയും നീക്കി ഗതാഗതയോഗ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പണി നടക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച വൈകീട്ടുമുതൽ വീണ്ടും മഴ ശക്തമായതോടെ പലയിടങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയേറി. അതിനാൽ മേട്ടുപ്പാളയം-കൂനൂർ പാതയിലെ യാത്രാനിരോധനം നീട്ടാനാണ് സാധ്യതയെന്ന് പറയുന്നു.

അതിനിടെ കോത്തഗിരിറൂട്ടിൽ വാഹനങ്ങൾ കൂടിയതോടെ പലേടത്തും ഗതാഗതക്കുരുക്കുണ്ടായി. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കും തിരിച്ചും ഇപ്പോൾ കോത്തഗിരിവഴി മാത്രമാണ് പോകാൻ കഴിയുന്നത്. അതും പകൽമാത്രം. വണ്ടികൾ കൂടിയതോടെ ശനിയാഴ്ചരാത്രി കോത്തഗിരിയിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു.

ഊട്ടി പൈതൃക തീവണ്ടി ഇന്നും ഓടില്ല

കോയമ്പത്തൂർ : മണ്ണിടിഞ്ഞും മരങ്ങൾവീണും ട്രാക്കുകൾ തകർന്നതിനാൽ മേട്ടുപ്പാളംയ-ഊട്ടി പൈതൃകതീവണ്ടി തിങ്കളാഴ്ചയും ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിലെ മണ്ണും പാറയും നീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായും അധികൃതർ പറഞ്ഞു.