ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് നവീകരണം; നവംബറിൽ പൂർത്തിയാക്കുമെന്ന വാക്ക് നടപ്പാവില്ല

ഒറ്റപ്പാലം : ചെർപ്പുളശ്ശേരി-ഒറ്റപ്പാലം പാതയിലെ നവീകരണം വീണ്ടും നീളുന്നു. ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ നൽകിയ ഉറപ്പും പാഴായി. നവംബർ 31-നകം നവീകരണം പൂർത്തിയാക്കുമെന്നാണ് കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, അതിനുശേഷം കുറച്ചുദൂരം റോഡ് ടാർചെയ്തതൊഴിച്ചാൽ ബാക്കിയുള്ള ഭാഗങ്ങളിലെ നവീകരണം ഇഴഞ്ഞുനീങ്ങുകയാണ്.
ടാറിങ്ങിനുവേണ്ടി നാലാംമൈൽമുതൽ വരോട്വരെ വെറ്റ് മിക്സ് ഇട്ടഭാഗം കുഴികളായി മാറി. ഇതോടെ ഇപ്പോൾ കുഴികളടയ്ക്കൽമാത്രമാണ് നടക്കുന്നത്. ഒറ്റപ്പാലംമുതൽ വരോടുവരെയുള്ള ഭാഗത്തെവലിയ കുഴികൾ അടച്ചിട്ടുണ്ട്. എന്നാൽ, കുഴിയടയ്ക്കലും നാമമാത്രമായി മാറിയതായി പരാതിയുണ്ട്.
ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പണിനീളാൻ കാരണമെന്ന് അധികൃതർ പറയുന്നു. തോട്ടക്കരഭാഗത്ത് രണ്ടുകിലോമീറ്ററിൽ പൈപ്പ് ലൈൻ വലിച്ചിട്ടുണ്ട്. പലസ്ഥലത്തും പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതിനാൽ ആ ഭാഗങ്ങളിലെ പണി ചെയ്യാൻപറ്റാത്ത പ്രശ്നവുമുണ്ട്. പ്രശ്നംപരിഹരിക്കാൻ ജല അതോറിറ്റിക്ക് കത്ത് കൊടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അഴുക്കുചാൽ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ചിലഭാഗങ്ങളിൽ കൂട്ടിച്ചേർക്കാൻ മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിങ് ഉൾപ്പെടെയുള്ള പണിക്കൊപ്പം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മഴവിടാതെ ടാറിങ് ചെയ്യാനാകില്ലെന്നുമാണ് അധികൃതർ പറയുന്നത്. നിലവിൽ വരോട് നാലാംമൈൽമുതൽ വരോടുവരെയാണ് ടാറിങ്ങിന് വേണ്ടി തയ്യാറെടുപ്പ് നടത്തിയിട്ടുള്ളത്.
റോഡിന്റെ ദുരിതാവസ്ഥയിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അനങ്ങനടിയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നതിലേക്കുവരെയും കാര്യങ്ങൾ എത്തിയിരുന്നു.
പനമണ്ണയിൽ അടുത്തിടെയും ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും നവീകരണം എങ്ങുമെത്താത്ത സ്ഥിതിയാണ്.
അതേസമയം, കരാറുകാരുമായി യോഗം ചേർന്നിരുന്നെന്നും വേഗം പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.