ബിഗ് സ്‌ക്രീനിൽ കരിയനെ കൺനിറയെ കണ്ട് കരുണൻ

അഗളി : തന്റെ സിനിമ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ സ്‌ക്രീനിൽ കണ്ട് മനംനിറഞ്ഞ് കരുണനും അഭിമാനത്തോടെ അമ്മ റാണിയും. ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനായി ‘ഗ്ളോബ്’ സിനിമയുടെ പേര് വിളിച്ച് കാണികൾക്ക് പരിചയപ്പെടുത്താനായി സംവിധായകനെയും കഥാപാത്രങ്ങളേയും വേദിയിലേക്ക് ക്ഷണിച്ചു. തന്റെപേര് വിളിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ കൗതുകം പൂണ്ടുനിൽക്കുന്ന 15-കാരനായ കരുണനെ, അച്ഛനായി അഭിനയിച്ച അനീഷ് പുലിയറയും അമ്മയായി അഭിനയിച്ച അഗളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശോഭയും ചേർന്ന് വേദിയിലേക്ക് കൊണ്ടുപോകുമ്പോഴും അവിശ്വസനീയതയോടെ കരുണൻനിന്നു.

സിനിമ സ്‌ക്രീനിൽ കാണുമ്പോൾ വിടർന്ന കണ്ണുകളോടെ പലപ്പോഴും സീറ്റിൽനിന്ന് എഴുന്നേറ്റുനിന്ന് ആസ്വദിക്കുകയായിരുന്നു കരുണൻ. സിനിമ കഴിഞ്ഞപ്പോൾ കരുണന് അഭിനന്ദനങ്ങളുടെ പ്രവാഹം.

എൻ. പ്രഭാകരന്റെ കഥയെ ആസ്പദമാക്കി പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിച്ചതാണ് ഗ്ലോബ് സിനിമ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്‌ (എൻ.ഐ.ഡി.) വിദ്യാർഥി ഷിജിൻ ഗോവിന്ദ് ആണ് സംവിധാനം ചെയ്തത്. അഗളി ഭൂതിവഴി ഊരിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ കരുണൻ ആണ് കേന്ദ്രകഥാപാത്രമായ കരിയനായി അഭിനയിച്ചത്.

അട്ടപ്പാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കെ.എ. തുളസി, കരുണന്റെ വിവരങ്ങൾ അറിഞ്ഞിരുന്നു. മന്ത്രിയുടേയും മറ്റ് ജനപ്രതിനിധികളുടേയും ഇടപെട്ടതിനെത്തുടർന്നാണ് കരുണന്റെ ചിത്രം മേളയിൽ ഉൾപ്പെടുത്തിയത്.

പ്രദർശനഗരിയിൽ മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും പാലക്കാട് കളക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ, സൗണ്ട് റെക്കോഡിസ്‌റ്റ് ഹരികുമാർ, കുക്കു പരമേശ്വരൻ, ഡയറക്ടർ റാസി മുഹമ്മദ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ കരുണനെ അഭിനന്ദിച്ചു.