ഒറ്റപ്പാലത്തെ ഭിന്നശേഷിസൗഹൃദ സ്റ്റേഡിയം; നിർമാണത്തിൽ അനിശ്ചിതാവസ്ഥ

ഒറ്റപ്പാലം : താലൂക്കാസ്ഥാനമായ ഒറ്റപ്പാലത്ത് സ്റ്റേഡിയം നിർമാണത്തിൽ അനിശ്ചിതാവസ്ഥ. കണ്ണിയംപുറം സർക്കാർ ബധിര സ്‌കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി അനിശ്ചിതാവസ്ഥയിലായത്. ഇൻഡോർ സ്റ്റേഡിയം വരുന്നതോടെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം നഷ്ടപ്പെടുമെന്ന് ആരോപിച്ചായിരുന്നു പരാതി. തുടർന്ന്, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം കണ്ടെത്തിയശേഷം നിർമാണം തുടങ്ങിയാൽ മതിയെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഇതോടെ പുതിയസ്ഥലം കണ്ടെത്തേണ്ട സ്ഥിതിയായി.

പദ്ധതിയുടെ എല്ലാവിധ നടപടിയും പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിലാണ് നിർമാണോദ്‌ഘാടനം നടത്തിയിരുന്നത്. ഇൻഡോർ സ്റ്റേഡിയംപദ്ധതി മാറ്റി ഭിന്നശേഷിസൗഹൃദ ഒറ്റപ്പാലം സ്റ്റേഡിയമെന്ന പേരിലായിരുന്നു പത്തുകോടിരൂപയുടെ പദ്ധതി.

2021-22 വർഷത്തെ ബജറ്റിൽനിന്നുള്ള 10 കോടിരൂപ വിനിയോഗിച്ചാണ് 21,000 ചതുരശ്രയടി വിസ്തീർണത്തിൽ സ്റ്റേഡിയം നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നത്. നിലം മരത്തിൽത്തീർക്കുന്ന സ്റ്റേഡിയത്തിൽ ആറ് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ-ബാസ്കറ്റ് ബോൾ കോർട്ടുകളും ഒരുക്കാനായിരുന്നു ലക്ഷ്യം. റാംപ്‌ സൗകര്യത്തോടെയായിരുന്നു പദ്ധതി. വസ്ത്രം മാറാനുള്ള മുറി, കോൺഫറൻസ് ഹാൾ, ഓഫീസ് മുറി തുടങ്ങിയവയും ഏകദേശം 1,000 കാണികൾക്ക് കളി കാണാനുള്ള സൗകര്യവുമാണ് സ്റ്റേഡിയത്തിൽ ഒരുക്കേണ്ടിയിരുന്നത്. ഇതുകൂടാതെ ചുറ്റുമതിൽ, സോളാർ സംവിധാനം, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയുമുണ്ടായിരുന്നു.

കായികവകുപ്പിന് കീഴിലുള്ള സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്കാ‌യിരുന്നു നിർമാണച്ചുമതല. 2013-ലാണ് ഒറ്റപ്പാലത്തൊരു ഇൻഡോർ സ്റ്റേഡിയമെന്ന ആശയമുയരുന്നത്. ആദ്യം കണ്ണിയംപുറം സർക്കാർ ബധിര സ്‌കൂൾമൈതാനം ഇതിനുവേണ്ടി കണ്ടെത്തിയെങ്കിലും പദ്ധതി പ്രാവർത്തികമായില്ല. പിന്നീടിത് കണ്ണിയംപുറം കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുടെ ഓഫീസ് കെട്ടിടം പുതുക്കി സ്‌റ്റേഡിയം പണിയാൻ പദ്ധതിയിട്ടു. എന്നാൽ, ജലസേചനവകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടാത്തതിനാൽ പദ്ധതി നീണ്ടു. തുടർന്ന്, സർക്കാർസ്ഥലം ലഭ്യമാക്കാത്തത് കണക്കിലെടുത്ത് പദ്ധതി വീണ്ടും ഒറ്റപ്പാലം ബധിര-മൂക വിദ്യാലയത്തിന്റെ വളപ്പിൽ പണിയാൻ തീരുമാനിക്കയായിരുന്നു. സ്‌കൂളിലെ കുട്ടികൾക്കുകൂടി ഉപകാരപ്പെടുന്നതായതിനാൽ നേരത്തേ സ്‌കൂളധികൃതർ പദ്ധതിയെ സ്വാഗതം ചെയ്ത‌ിരുന്നു. എന്നാൽ, ഒരേക്കറിലധികം വരുന്ന സ്ഥലത്തിന്റെ ഏറ്റെടുപ്പ് നടപടികളെല്ലാം പൂർത്തിയാക്കി കരാറുകാരന് നിർമാണച്ചുമതല കൈമാറാനിരിക്കെയാണ് അനിശ്ചിതാവസ്ഥ. സ്റ്റേഡിയം നിർമിക്കാൻ പുതിയൊരു സ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ.