പൊൽപ്പുള്ളിയിൽ ‘പുണ്യ’ കൃഷി തുടങ്ങി

ചിറ്റൂർ : പൊൽപ്പുള്ളിയിൽ പുതിയയിനം വിത്തിനമായ ‘പുണ്യ’ എന്ന അത്യുത്പാദനശേഷിയുള്ള വിത്തിന്റെ നടീൽ നടന്നു. പൊൽപ്പുള്ളി പനയൂർ പാടശേഖരസമിതിയിലെ കർഷകൻ പ്രദീപിന്റെ രണ്ടേക്കറിലാണ് നടീൽ നടന്നത്.
മങ്കൊമ്പ് കൃഷിഗവേഷണകേന്ദ്രത്തിൽ ഉമ നെല്ലും ജ്യോതി നെല്ലും സംയോജിപ്പിച്ചാണ് ഈ വിത്ത് ഉത്പാദിപ്പിച്ചത്. സാധാരണയായി ഈ മേഖലയിൽ ഒരേക്കറിൽനിന്ന് 2,000 കിലോമുതൽ 2,500 കിലോവരെയാണ് വിള ലഭിക്കുക. എന്നാൽ, പുണ്യയ്ക്ക് ഒരേക്കറിൽനിന്ന് 4,500 കിലോവരെ നെല്ല് കിട്ടുമെന്ന് ഗവേഷണകേന്ദ്രത്തിലെ വിദഗ്ധർ പറയുന്നു.
പുതിയ വിത്തിനത്തിനെ മഴ, കാറ്റ് തുടങ്ങിയവകൊണ്ടുള്ള പ്രശ്നങ്ങൾ ബാധിക്കുന്നത് കുറവാണെന്നും പറയുന്നു. 110 ദിവസമാണ് മൂപ്പ്. കീടബാധയേൽക്കുന്നതും കുറവാണ്. നീളമുള്ളതും തടിച്ചതുമായ ചുവന്ന അരിയാണ്. ഉമയെയും ജ്യോതിയെയും അപേക്ഷിച്ച് വേവ് കുറവാണ്. പെട്ടെന്ന് ഉണക്കംബാധിക്കില്ലെന്നും പറയുന്നു.
വിത്തുനടീലിന് കൃഷി ഓഫീസർ ലിബി ആന്റണി, കൃഷി അസിസ്റ്റന്റുമാരായ ടിൻസി ജോൺ, പ്രീത, പനയൂർ പാടശേഖരസമിതി സെക്രട്ടറി സുനിൽ എന്നിവർ നേതൃത്വംനൽകി. കൃഷിഭവന്റെ പരിധിയിലുള്ള പാടശേഖരങ്ങളിൽ ഈ വിത്ത് കൃഷിയിറക്കാൻ പ്രോത്സാഹനം നൽകുമെന്ന് കൃഷി ഓഫീസർ ലിബി ആന്റണി പറഞ്ഞു.