മനിശ്ശേരി തൃക്കങ്ങോട്ടെ കാറപകടം; കാരണം അതിവേഗമെന്ന് സൂചന

മനിശ്ശീരി : പാലക്കാട്-കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് ചൊവ്വാഴ്ച അർധരാത്രി നടന്ന വാഹനാപകടത്തിനു കാരണം കാറിൻെറ അതിവേഗമെന്ന് സൂചന. സി.സി.ടി.വി. ദൃശ്യങ്ങളും ഇത് ശരിവെക്കുന്നു. ഡ്രൈവർ ഉറങ്ങിയതാവാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റു. മനിശ്ശീരി പാന്തലിൽ അജയ് (31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് (30) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കണ്ണിയംപുറം സ്വദേശി നിധിൻ (30), പനമണ്ണ സ്വദേശി ശ്രീജിത്ത് (34), ചുനങ്ങാട് സ്വദേശി ഗോവിന്ദ് എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 12.30-നായിരുന്നു അപകടം. വാണിയംകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന കാർ
നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കിലും പിന്നീട് മരത്തിലും ഇടിച്ചാണ് നിന്നത്. കാർ പൂർണമായും തകർന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന ലോറിഡ്രൈവറും അതുവഴി പട്രോളിങ്ങിന് വന്നിരുന്ന ഒറ്റപ്പാലം പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ പുറത്തേക്കു തെറിച്ചുവീണ നിലയിലായിരുന്നു. മൂന്നുപേർ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ ഡോർ തുറക്കാൻ പറ്റാതായതോടെ സമീപത്തുണ്ടായിരുന്ന ലോറിയിൽ കയർ കെട്ടിവലിച്ച് ഡോർ അടർത്തിമാറ്റിയാണ് ആദ്യത്തെ ആളെ കാറിൽനിന്ന് എടുത്തത്. പിന്നീട് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബാക്കിഭാഗങ്ങൾ മുറിച്ചുമാറ്റി മറ്റു രണ്ടുപേരെയും പുറത്തെടുത്തു. സീനിയർ ഫയർ ഓഫീസർ സുജിത്ത് ബാബുവിന്റെയും പി. കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള സംഘം മുക്കാൽമണിക്കൂർ പരിശ്രമിച്ചാണ് തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്ക് അതീവ ഗുരുതരമായതിനാൽ പനമണ്ണ സ്വദേശി ശ്രീജിത്തിനെ വിദ്ഗധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. മറ്റു രണ്ടുപേർ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിശോധന നടത്തി
പോലീസും മോട്ടോർവാഹനവകുപ്പും അപകടസ്ഥലത്ത് പരിശോധന നടത്തി. ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, പാലക്കാട് ആർ.ടി.ഒ. സി.യു. മുജീബ്, ഒറ്റപ്പാലം സബ് ആർ.ടി.ഒ. എം.വി.ഐ. പി.ജെ. റെജി, എൻഫോഴ്സ്മെന്റ് എം.വി.ഐ. സി.വി. മാർത്താണ്ഡൻ, ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ, എസ്.ഐ. കെ. ഷിജു തുടങ്ങിയവർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
പാതയുടെ വശത്തുള്ള, മൂന്നടി താഴ്ചയും പത്തടി വീതിയുമുള്ള കലുങ്ക് മറികടന്ന് പാതയ്ക്കരികിലൂടെ പത്തുമീറ്ററോളം സഞ്ചരിച്ച് മരത്തിൽ ഇടിച്ച് കാർ തകരുകയായിരുന്നു. മരത്തിന്റെ രണ്ടുമീറ്ററോളം ഉയരത്തിൽ കാർ ഇടിച്ച് തകർന്നുവീണതാകാം മരത്തിന്റെ ഒരുഭാഗം കേടുവരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. കലുങ്കിനു സമീപമുള്ള മറ്റൊരു മരത്തിലും കാറിന്റെ വശം ഇടിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ വേഗത്തിലുള്ള വരവുകണ്ട് എതിർദിശയിൽ വന്ന ഒരു ഓട്ടോ ഉൾപ്പെടെ രണ്ടു വാഹനങ്ങൾ വെട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഓട്ടോഡ്രൈവർ പട്ടാമ്പി സ്വദേശി അബൂബക്കർ പറഞ്ഞു.