കാണാം, പോലീസ് സേനയുടെ ആയുധങ്ങൾ

പാലക്കാട് : ഇൻസാസ്, എസ്.എൽ.ആർ., എ.കെ.എം.എസ്. റൈഫിളുകൾ ഉൾപ്പെടെ കേട്ടറിവുപോലുമില്ലാത്ത പോലീസ് സേനയുടെ ആയുധങ്ങൾ ഓരോന്നായി തൊട്ടടുത്ത്‌ കാണാം.

അവയുടെ പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചറിയാം. കുട്ടികൾക്കും സ്റ്റുഡന്റ്സ് പോലീസ് കെഡേറ്റുകൾക്കുംഎൻ.സി.സി. കെഡേറ്റുകൾക്കും അടക്കാനാവാത്ത കൗതുകമായി ആയുധപ്രദർശനം. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സാണ് പോലീസ് സേനയുടെ ആയുധങ്ങൾ കാണാനുള്ള അവസരമൊരുക്കിയത്.

ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റഷി ഐ.പി.എസ്. പ്രദർശനം ഉദ്ഘാടനംചെയ്തു. ഐ.എം.എ. ജില്ലാപ്രസിഡന്റ് ഡോ. പി.പി. നാരായണൻകുട്ടി, അഡീഷണൽ എസ്.പി. സന്തോഷ് കുമാർ, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി കമാൻഡർ എസ്. മധു, ഇൻസ്പെക്ടർമാരായ എസ്.ആർ. രമേഷ് കുമാർ, ഐ.പി. മഹേന്ദ്ര സിംഹൻ എന്നിവർ സംസാരിച്ചു.

ദേശീയ പോലീസ് സ്മൃതിദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം.

ആന്റിറയോട്ട് ഗണ്ണും മൾട്ടി ഷെൽ ലോഞ്ചറും ഗ്ളോക്ക് പിസ്റ്റലും റിവോൾവറും പ്രദർശനത്തിന്റെ ശ്രദ്ധാകേന്ദ്രമായി. പോലീസ് സേന ഉപയോഗിക്കുന്ന വിവിധതരം ആയുധങ്ങൾ, വിവിധ സുരക്ഷാ ഉപകരണങ്ങൾ, മെറ്റൽ ഡിറ്റക്ടർ, ഡോഗ് സ്ക്വാഡിന്റെ ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിനൊരുക്കി.