വാണിയംകുളത്ത്‌ തുടർക്കഥയായി പൈപ്പുപൊട്ടലും പാതകുഴിക്കലും

കുളപ്പുള്ളി : റോഡുകളിൽ കുടിവെള്ളപൈപ്പ് പൊട്ടൽ കൂടി. പരിഹരിക്കാൻ റോഡുകുഴിച്ച് ജല അതോറിറ്റിയും. വാണിയംകുളം പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ കുടിവെള്ളപൈപ്പ് പൊട്ടൽ പ്രശ്നങ്ങളുള്ള ഭാഗങ്ങളാണ് മാന്നനൂർ, തൃക്കങ്ങോട്, വെള്ളിയാട്, ചെറുകാട്ടുപുലം, മനിശ്ശീരി, ഈസ്റ്റ് മനിശ്ശീരി ഭാഗങ്ങൾ. ഇവിടങ്ങളിലെ പ്രധാന റോഡുകളിൽ ഉൾപ്പെടെയാണ് കൂടുതലായി കുടിവെള്ളപൈപ്പ് പൊട്ടുന്നത്.

ഇതോടെ പൈപ്പ് പൊട്ടൽ പരിഹരിക്കാനായി നവീകരിച്ച പല റോഡും പൊളിക്കേണ്ടിവരുന്നു. മനിശ്ശീരി-വെള്ളിയാട് റോഡ്, തൃക്കങ്ങോട്-ചോറോട്ടൂർ, വാണിയംകുളം-മാന്നനൂർ റോഡുകളിലാണ് കുടിവെള്ളപൈപ്പ് പൊട്ടൽ കൂടുന്നത്. നേരത്തേ ഈ റോഡുകളിൽ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടിയത് പരിഹരിച്ചിരുന്നു. ഇതേ റോഡുകളിൽ ഇപ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ഇതോടെ പ്രശ്നം പരിഹരിക്കാൻ റോഡുകളിൽ നവീകരിച്ച ഭാഗങ്ങൾ ഉൾപ്പെടെ പൊളിച്ചിരിക്കുകയാണ്. ജൽജീവൻ മിഷന്റെ കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരക്കുറവാണ് പൈപ്പ് പൊട്ടുന്നത് കൂടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നവീകരിച്ച റോഡിന്റെ ഭാഗങ്ങൾ കുഴിക്കുന്നതോടെ പിന്നീട് ഇവിടങ്ങളിൽ കുഴിയാകുന്നുണ്ട്.

പൈപ്പ് പൊട്ടൽ പരിഹരിക്കാനായി റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്തഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പൊളിച്ചത്. പൈപ്പ് പൊട്ടൽ കൂടുന്നതിന്റെ കാരണം പരിശോധിക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.