ഒറ്റപ്പാലം നഗരസഭാ മലിനജല സംസ്കരണ പ്ലാന്റ് പൈപ്പ് സ്ഥാപിക്കൽ ഇനിയും തുടങ്ങിയില്ല

ഒറ്റപ്പാലം : നവീകരണം നടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ എത്രയും പെെട്ടന്ന് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കണമെന്നിരിക്കെ, നഗരസഭയുടെ മലിനജല സംസ്കരണ പ്ലാന്റിന്റെ പൈപ്പ് സ്ഥാപിക്കൽ ഇനിയും തുടങ്ങിയില്ല. ജനുവരി 15-നകം റോഡിന്റെ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കാനാണ് എം.എൽ.എ.മാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നത്. റോഡിന്റെ നിർമാണം മന്ദഗതിയിലാണെങ്കിലും എത്രയും പെെട്ടന്ന് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായില്ലെങ്കിൽ നഗരസഭയും താലൂക്ക് ആശുപത്രിയുമുൾപ്പെട്ട ഭാഗത്ത് വീണ്ടും റോഡ് നിർമാണം വൈകുമെന്നതാണ് ആശങ്ക.
ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് പുറകുവശത്താണ് കിഫ്ബിയിൽനിന്ന് 29 കോടി രൂപ ചെലവഴിച്ച് ഒറ്റപ്പാലം പട്ടണത്തിലെ മലിനജലം സംസ്കരിക്കാൻ പ്ലാന്റ് നിർമിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകൾക്കിടയിൽ 560 ചേംബറുകൾ നിർമിച്ചാണ് മലിനജലം ശേഖരിക്കുക. ടി.ബി. റോഡ്, സുന്ദരയ്യർ റോഡ്, സെൻഗുപ്ത റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ മലിനജലമെല്ലാം ബസ് സ്റ്റാൻഡിന് പുറകുവശത്ത് പ്രവർത്തിക്കുന്ന പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയെന്നതാണ് പ്ലാന്റിന്റെ ലക്ഷ്യം.
നേരത്തെ ആർ.എസ്. റോഡിലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതിന് റെയിൽവേ അനുമതി നൽകാതിരുന്നതോടെയാണ് ചെർപ്പുളശ്ശേരി റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പട്ടണം മുതൽ 800 മീറ്റർ ദൂരംവരെ റോഡിന് നടുവിലൂടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുക. ഇതിന് റോഡ് കുഴിക്കേണ്ടിവരും. പുതിയ റോഡ് നിർമിക്കും മുൻപുതന്നെ പൈപ്പ് ലൈൻ സ്ഥാപിക്കാത്തപക്ഷം വീണ്ടും റോഡ് പൊളിക്കേണ്ടിവരുമെന്നതാണ് സ്ഥിതി.
നിലവിൽ അഴുക്കുചാലിന്റെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബറിൽ റോഡ് നിർമാണം തുടങ്ങാമെന്നായിരുന്നു കരാർ കമ്പനിയുടെ ഉറപ്പ്. ഇതിന് മുൻപ് പൈപ്പ് ലൈനിന്റെ പണി പൂർത്തിയാക്കാനാണ് പ്ലാന്റ് നിർമാണ കമ്പനിക്ക് നിർദേശം നൽകുക. ഇതുമായി ബന്ധപ്പെട്ട് പ്ലാന്റ് നിർമാണ കമ്പനിയുമായി അടിയന്തരയോഗം ഡിസംബർ ആദ്യം നടത്താൻ എം.എൽ.എ.യുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.