വടക്കഞ്ചേരിയിലെ പൊളിഞ്ഞ പാലത്തിൽ; വീണ്ടും കോൺക്രീറ്റ് ഇടിഞ്ഞു

വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയിന്റിൽ വീണ്ടും പൊട്ടൽ. വ്യാഴാഴ്ച പാലക്കാട് ദിശയിലേക്കുള്ള മേൽപ്പാലത്തിലെ ജോയിന്റിൽ കോൺക്രീറ്റ് ഇടിഞ്ഞിരുന്നു. ഇതേ പാലത്തിലുള്ള മറ്റു രണ്ട് ജോയിന്റിലെ കോൺക്രീറ്റിലാണ് പൊട്ടൽ വീണിട്ടുള്ളത്. ഇതോടെ മേൽപ്പാലത്തിലെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചു.
ഇടിഞ്ഞ ഭാഗത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിച്ച് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലത്തിലൂടെ ഒറ്റവരിയായി കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭാഗികമായി തകർന്നിരിക്കുന്ന കോൺക്രീറ്റ് പാളികൾ ഇളകുന്നുണ്ട്. തകർച്ച കൂടുതലായാൽ പാലംവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കേണ്ടിവരും. തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിലെ ജോയിന്റുകൾ നവീകരിക്കുന്നതിനായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇതുവഴി ഗതാഗതം ക്രമീകരിക്കാനാവുകയില്ല. തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് വിടുന്നത്.
ഇടിഞ്ഞ ഭാഗം പൊളിച്ചുതുടങ്ങി
മേൽപ്പാലത്തിൽ ജോയിന്റിലെ കോൺക്രീറ്റ് ഇടിഞ്ഞ ഭാഗം നന്നാക്കുന്നതിനായി കുത്തിപ്പൊളിച്ചുതുടങ്ങി. അടർന്നുനിൽക്കുന്ന കോൺക്രീറ്റ് പൂർണമായും നീക്കി പുതുതായി കോൺക്രീറ്റ് ചെയ്യുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. വാഹനങ്ങൾ കടന്നുപോകവേ ജോയിന്റിലെ കോൺക്രീറ്റിന്റെ ഒരുഭാഗം അല്പാല്പമായി ഇടിഞ്ഞുതാഴുകയായിരുന്നു. നാലുമാസംമുൻപ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഭാഗത്താണ് ഇടിച്ചിലുണ്ടായത്. ഗുണനിലവാരം ഉറപ്പാക്കാതെയാണ് മേൽപ്പാലത്തിലെ ജോലികൾ ചെയ്യുന്നതെന്നാണ് ആക്ഷേപം. മേൽപ്പാലത്തിൽ സുരക്ഷാപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്.
കുരുക്ക് രൂക്ഷം
തൃശ്ശൂർ ഭാഗത്തേക്ക് സർവീസ് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടുതുടങ്ങിയതോടെ റോയൽ ജങ്ഷനിൽ കുരുക്ക് രൂക്ഷമായി. കുരുക്ക് കുറയ്ക്കാൻ റോയൽ ജങ്ഷനിലുള്ള ഉയരം കുറഞ്ഞ അടിപ്പാത വഴി വാഹനങ്ങൾ കടക്കുന്നത് നിയന്ത്രിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സമീപത്തുള്ള വലിയ അടിപ്പാത വഴി വന്ന് വാഹനങ്ങൾ സർവീസ് റോഡ് മുറിച്ചുകടക്കുന്നുണ്ട്. ദേശീയപാതയിൽനിന്ന് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് അടിപ്പാത വഴിയെത്തുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്നത്.
വടക്കഞ്ചേരി ടൗണിൽനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. തലങ്ങും വിലങ്ങും വാഹനങ്ങൾ വരുന്നതിനാൽ കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാനാകാത്ത സ്ഥിതിയാണ്. ഗതാഗതം നിയന്ത്രിക്കാൻ കരാർ കമ്പനിക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും വല്ലപ്പോഴുംമാത്രമാണ് ആളുകൾ നിൽക്കുന്നത്. എട്ട് ട്രാഫിക് വാർഡൻമാരെ താത്കാലികമായി ഉടൻ നിയോഗിക്കുമെന്നും ഒപ്പം പോലീസും ഉണ്ടാകുമെന്നും വടക്കഞ്ചേരി സി.ഐ. ടി.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
നിയമസഭയിൽ ഉന്നയിക്കും
വടക്കഞ്ചേരി മേൽപ്പാലത്തിലെ തകർച്ച നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു. മേൽപ്പാലത്തിൽ വിദഗ്ധപരിശോധന നടത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർക്കും ദേശീയപാതാ അതോറിറ്റിക്കും കത്തുനൽകിയിട്ടുണ്ട്. യാത്ര സുഗമമാകുന്നതുവരെ ടോൾ പിരിവ് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.