മൈതാനത്തെത്താൻ വെള്ളക്കെട്ട് കടക്കണം

മെഡിക്കൽ കോളേജ് മൈതാനത്ത് വരുന്നവർ ദുരിതത്തിൽ

പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് പരിശീലനത്തിനെത്തുന്നവർ ഇനി നീന്തൽകൂടി പഠിക്കണം. മഴയിൽ മൈതാനത്തിന്റെ പ്രധാന കവാടത്തിനു മുൻപിൽ വലിയതോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കായികതാരങ്ങളും നടക്കാനെത്തുന്നവരും ഈ അഴുക്കുവെള്ളം നീന്തിക്കടന്നുവേണം ട്രാക്കിലേക്കും മൈതാനത്തിലേക്കും പ്രവേശിക്കാൻ.

മൈതാനത്തിലേക്കുള്ള പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ കുഴികളുടെ ആഴമറിയാതെ ആളുകൾ വീഴുന്നത് പതിവായിട്ടുണ്ട്. ചെളിനിറഞ്ഞ ഈ വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കുന്നില്ല. പ്രായമായവരടക്കം ഒട്ടേറെപ്പേരാണ് ദിവസവും നടക്കാനായി ഇവിടെയെത്തുന്നത്.

മൈതാനത്തിനു സമീപത്തെ മെഡിക്കൽ കോളേജിന്റെ പുറകിലെ കവാടങ്ങൾക്കു മുൻപിലും വെള്ളക്കെട്ട് രൂക്ഷമാണ്. മൈതാനത്ത് ശൗചാലയസൗകര്യമില്ലാത്തതിനാൽ കായികമേളകളിൽ പങ്കെടുക്കുന്നവർ ഈ കവാടംവഴിയാണ് മെഡിക്കൽ കോളേജിലെ ശൗചാലയങ്ങളിലേക്കും കാന്റീനിലേക്കും പോയിരുന്നത്.

സമീപത്ത് അഴുക്കുചാലുണ്ടെങ്കിലും മൈതാനത്തിന്റെ മുൻവശം താഴ്ന്ന പ്രദേശമായതിനാൽ അഴുക്കുവെള്ളം ഇങ്ങോട്ട് ഒഴുകിയെത്തുകയാണ്. അഴുക്കുചാലിൽ ചെളികയറിയതും സ്ഥിതി വഷളാക്കുന്നു. എത്രയുംവേഗം വെള്ളക്കെട്ട് പരിഹരിക്കണമെന്നാണ് ആവശ്യം.