പട്ടാമ്പി ആർ.എ.ആർ.എസിലെ ജലസംഭരണിരണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ

പട്ടാമ്പി : കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ നിർമിക്കുന്ന കൂറ്റൻ ജലസംഭരണിയുടെ തുടർപ്രവർത്തനങ്ങൾക്ക് നടപടിയാവുന്നു.

പദ്ധതിയുടെ ആദ്യഘട്ടം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം ഈ സീസൺ അവസാനിക്കുന്നതോടെ ആരംഭിക്കും. ഇതിനായി കേന്ദ്രത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കൃഷി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേർന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കോർപ്പറേഷൻ, ആർ.എ.ആർ.എസ്. അധികൃതരും യോഗത്തിൽ പങ്കെടുത്തു. വേനൽക്കാലത്തെ കടുത്തവരൾച്ചയും ജലക്ഷാമവും കേന്ദ്രത്തിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും തടസ്സമാവാൻ തുടങ്ങിയതോടെയാണ് ജലസംഭരണി നിർമിക്കണമെന്ന ആവശ്യമുയർന്നത്. കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് രണ്ടേക്കർ വിസ്തൃതിയിൽ നാലുകോടി രൂപ ഫണ്ടിലാണ് മൂന്നുകോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി നിർമിക്കുന്നത്.

​വേനലിലും കൃഷിയിറക്കാം

നിലവിൽ കേന്ദ്രത്തിൽ രണ്ട് വിള നെൽക്കൃഷിയാണിറക്കുന്നത്. ഇതിൽത്തന്നെ രണ്ടാംവിളക്കൃഷിയുടെ അവസാനസമയത്ത് ജലക്ഷാമം അനുഭവിക്കാറുണ്ട്. വിത്തുണ്ടാക്കുന്നതിനുള്ള കൃഷിയായതിനാൽ അവസാനസമയംവരെ വെള്ളം പാടശേഖരത്തിൽ നിറച്ചിടണം. ഇതിന് പലപ്പോഴും കഴിയാറില്ലെന്ന് അധികൃതർ പറയുന്നു. പിന്നീടിത് നെല്ലായി പോവുകയാണ് പതിവ്. ഇനി ഇതിനൊക്കെ പരിഹാരം കാണാനാവും. വേനൽക്കാലത്തും ഒരു വിള നെൽക്കൃഷിയും, മറ്റ് പച്ചക്കറിക്കൃഷികളും ഇറക്കാം. വേനലിൽ ഗവേഷണകേന്ദ്രത്തിലെ വിവിധ വിളകൾക്കും പരീക്ഷണങ്ങൾക്കും ആവശ്യമായ ജലസേചനം തടസ്സമില്ലാതെ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. വിത്തിനായുള്ള കൃഷി കുറയുന്നത് ജില്ലയിലെയും അയൽജില്ലയിലെയും കർഷകർക്കും ദുരിതമായി മാറുന്നുണ്ട്.

​രണ്ടാംഘട്ടം ഈ സീസൺ അവസാനിക്കുന്നതോടെ

സംഭരണിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കൃഷിയുടെ ഈ സീസൺ അവസാനിക്കുന്നതോടെ ആരംഭിക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

രണ്ടാംഘട്ടത്തിൽ പമ്പ് ഹൗസ്, ഒരുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക്, ഫെൻസിങ്, നടപ്പാത, സൗന്ദര്യവത്കരണം തുടങ്ങിയവയാണ് നടപ്പിലാക്കുക. നിലവിൽ സംഭരണിയുടെ ചുറ്റും വലിയ ബണ്ട് കെട്ടിയിട്ടുണ്ട്. ഇവ ബലപ്പെടുത്തി ഉറപ്പിച്ചശേഷം മാത്രമായിരിക്കും അടുത്തഘട്ടം ആരംഭിക്കുകയെന്ന് യോഗത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ ഫാം ടൂറിസം പോലുള്ള പ്രവർത്തനങ്ങളും ആരംഭിക്കാൻ ലക്ഷ്യമുണ്ട്.