മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപത്തെ സെൻട്രൽ തിയേറ്ററിൽ തീപ്പിടിത്തം

പഴനി : മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപമുള്ള ഏറ്റവും പഴക്കംചെന്ന സെൻട്രൽ സിനിമാ തീയേറ്ററിൽ തീപ്പിടിത്തമുണ്ടായി. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചു. മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറൻ ഗോപുരത്തിന് സമീപത്താണ് സെൻട്രൽ തീയേറ്റർ. നിലവിൽ തീയേറ്റർ പ്രവർത്തിക്കുന്നില്ല, കാർ പാർക്കിങ്ങിനും പ്ലാസ്റ്റിക് ഗോഡൗണിനുമായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി മുൻഭാഗത്തെ കാർ പാർക്കിങ് ഏരിയയിൽ പെട്ടെന്ന് തീപ്പിടിത്തമുണ്ടായി. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് ഗോഡൗണിലേക്ക് തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ആനുപ്പാനടി, തല്ലാക്കുളം അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് അഞ്ച് ഫയർ എൻജിനുകൾ എത്തിച്ച് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

മീനാക്ഷി ക്ഷേത്രത്തിൽ കുംഭാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സമീപത്തെ തിയേറ്ററിൽ തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ തിടീർനഗർ പോലീസ് അന്വേഷണം തുടങ്ങി.