മഴ: പട്ടിത്തറ പട്ടിക്കായലിൽ 50 ഏക്കർ നെൽക്കൃഷി മുങ്ങി

പട്ടിത്തറ പട്ടിക്കായൽ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായ നെൽപ്പാടം
പട്ടിത്തറ പട്ടിക്കായൽ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായ നെൽപ്പാടം

ആനക്കര: രണ്ടുദിവസമായി പെയ്ത ശക്തമായ മഴയിൽ പട്ടിത്തറ പട്ടിക്കായൽ മേഖലയിലെ പുഞ്ചക്കൃഷിക്ക് വ്യാപക നാശം. ഒതളൂർ, ആര്യമ്പാടം, പട്ടിക്കായൽ പാടശേഖരങ്ങളിലായി 50 ഏക്കറോളം നെൽക്കൃഷിയാണ് വെള്ളത്തിനടിയിലായത്. വിത്ത് വിതച്ച പാടങ്ങളും ഞാറ്റടി തയ്യാറാക്കിയ സ്ഥലങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ ആശങ്കയിലായി.

ഉമ, ജ്യോതി എന്നീ വിത്തിനങ്ങളാണ് പ്രധാനമായും കൃഷിയിറക്കിയിരുന്നത്. പുഞ്ചക്കൃഷിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ വെള്ളം കയറിയത് കർഷകർക്ക് വലിയ തിരിച്ചടിയായി. വിത്ത് മുളച്ച് വളരേണ്ട സമയത്ത് പാടങ്ങൾ വെള്ളത്തിനടിയിലായതോടെ വിത്തുകൾ നശിക്കാനും വീണ്ടും കൃഷിയിറക്കേണ്ടിവരാനും സാധ്യതയുണ്ട്. ഞാറ്റടി തയ്യാറാക്കിയ സ്ഥലങ്ങളും മുങ്ങിയതോടെ തുടർകൃഷിയും പ്രതിസന്ധിയിലായി.

എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് കർഷകർ പതിവിലും നേരത്തേ പുഞ്ചക്കൃഷി ആരംഭിച്ചത്. ആവശ്യത്തിന് മഴ ലഭിക്കില്ലെന്ന ആശങ്കയിൽ കൃഷി നേരത്തേയാക്കിയ കർഷകർക്ക് അപ്രതീക്ഷിതമായെത്തിയ മഴ തിരിച്ചടിയായി. കൃഷിയുടെ തുടക്കത്തിൽത്തന്നെ ഉണ്ടായ വെള്ളക്കെട്ട് വരുംദിവസങ്ങളിലെ കൃഷി പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി പുതിയ വിത്തുകൾ ലഭ്യമാക്കുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. വെള്ളമിറങ്ങിയശേഷം നാശനഷ്ടങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുഞ്ചക്കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Content Highlights: Heavy rains submerged over 50 acres of paddy cultivation in Pattithara, causing extensive damage to recently sown seeds and prepared seedlings.