മണ്ഡലകാലത്തും തേങ്ങയ്ക്ക് വിലയില്ല; പ്രതീക്ഷകൾ തകർന്ന് കർഷകർ

ആനക്കര: കേരകർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി തേങ്ങവില അനുദിനം താഴേക്ക്. ഉൽപാദനം കുറഞ്ഞുനിൽക്കുന്ന മാസങ്ങളിൽ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്ന കർഷകർക്ക് ഇത്തവണ ലഭിക്കുന്നത് കനത്ത നിരാശ. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ തേങ്ങയ്ക്ക് ആവശ്യക്കാർ ഏറുമെന്ന കണക്കുകൂട്ടലും തെറ്റി. വിപണിയിൽ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ചിരട്ടയ്ക്കും ഒരുപോലെ വിലയിടിഞ്ഞതോടെ കൃഷി ലാഭകരമല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 52 രൂപയ്ക്ക് മുകളിൽ ലഭിച്ചിരുന്ന തേങ്ങയ്ക്ക് വെള്ളിയാഴ്ചത്തെ മാർക്കറ്റിൽ ലഭിച്ചത് 46 രൂപയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് ആറ് രൂപയിലേറെ കുറഞ്ഞു. സാധാരണയായി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തേങ്ങയുടെ ഉൽപാദനം കുറയുന്നതിനാൽ വില ഉയരാറുണ്ട്. മണ്ഡലകാലത്ത് ശബരിമലയിലേക്കും മറ്റ് ക്ഷേത്രങ്ങളിലേക്കുമുള്ള ആവശ്യകതയും വിലയ്ക്ക് അനുകൂലമാകാറുണ്ട്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി വില താഴുകയാണ്. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണവിലയിലും വലിയ ഇടിവുണ്ടായി. കിലോയ്ക്ക് 460 രൂപ വരെ എത്തിയിരുന്ന വെളിച്ചെണ്ണവില 300 രൂപയായി കുറഞ്ഞു. കിലോയ്ക്ക് 41 രൂപ ലഭിച്ചിരുന്ന ചിരട്ടവിലയാകട്ടെ 16 രൂപയിലേക്കും താഴ്ന്നു. തേങ്ങയുടെ വിലയിടിവിനൊപ്പം ഉപോൽപ്പന്നങ്ങൾക്കും വിലയില്ലാതായതോടെ കർഷകരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ശ്രീലങ്കയിൽനിന്ന് ചിരട്ട വ്യാപകമായി ഇന്ത്യയിലേക്ക് എത്തുന്നതാണ് വിലയിടിവിന് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചിരട്ടയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിൽനിന്നുള്ള തേങ്ങയുടെ വിപണനത്തെയും ഇത് ബാധിച്ചു. തമിഴ്നാട്ടിലേക്ക് തേങ്ങ കയറ്റി അയയ്ക്കുമ്പോൾ ലഭിച്ചിരുന്ന അധികവരുമാനവും ഇപ്പോൾ ഇല്ലാതായതായി ആനക്കരയിലെ തേങ്ങ മൊത്തവ്യാപാരിയായ എരിഞ്ഞിക്കൽ അരവിന്ദൻ പറഞ്ഞു. നേരത്തെ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് തേങ്ങ കയറ്റി അയയ്ക്കുമ്പോൾ തേങ്ങയുടെ വിലയ്ക്കു പുറമേ ചിരട്ടയ്ക്ക് ഒരു തേങ്ങയ്ക്ക് നാലു രൂപവരെ അധികമായി ലഭിച്ചിരുന്നു. എന്നാൽ ശ്രീലങ്കയിൽനിന്ന് ചിരട്ട മാത്രം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലെ തേങ്ങയ്ക്ക് തമിഴ്നാട് വിപണിയിലുണ്ടായിരുന്ന സ്വീകാര്യതയും കുറഞ്ഞു. രണ്ടുദിവസത്തിലൊരിക്കൽ വലിയ ലോറിയിൽ ഒരു ലോഡ് തേങ്ങ കയറ്റി അയച്ചിരുന്ന വ്യാപാരവും ഇപ്പോൾ നിലച്ച മട്ടിലാണ്. വിലയിടിവിനൊപ്പം ഉൽപാദനച്ചെലവിലെ വർധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു തെങ്ങിൽ കയറുന്നതിന് 50 രൂപവരെ കൂലി നൽകണം. തേങ്ങയിടുന്നതിനും പൊതിക്കുന്നതിനും പ്രത്യേകം കൂലി നൽകണം. വളം, പരിപാലനം, ഗതാഗതം തുടങ്ങിയ ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ലഭിക്കുന്ന വിലയിൽനിന്ന് ചെലവുകൾ കഴിച്ചാൽ കർഷകന്റെ കൈയിൽ ഒന്നും ശേഷിക്കാത്ത അവസ്ഥയാണ്. ഉൽപാദനം കുറയുന്ന സമയത്തുപോലും വില ഉയരാത്തതും വിപണിയിലെ അനിശ്ചിതത്വവും കേരകർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്. തേങ്ങയുടെ വിപണനത്തെയും ചിരട്ടയുടെ ഇറക്കുമതിയെയും സംബന്ധിച്ച് അധികൃതരുടെ ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.
Content Highlights: Coconut and coconut oil prices drop sharply during the Mandala season, severely impacting Kerala farmers amid rising production costs and coconut shell imports.