'മാഷിൽനിന്ന് ചോറുരുള വാങ്ങിക്കഴിക്കുന്ന കുട്ടികൾ' ഇത് ഞങ്ങളുടെ പ്രിയ പ്രിൻസിപ്പൽ...

ആലത്തൂർ: സ്‌കൂളിന്റെ വരാന്തയിലൂടെ നടക്കുന്ന പ്രിൻസിപ്പലിനെ കുട്ടികൾ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു, സ്‌നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്നു. ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിൽനിന്നുള്ള ഒരു വീഡിയോ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുകയാണ്.
ബുധനാഴ്ച ഉച്ചഭക്ഷണത്തിനുശേഷം സ്‌കൂൾ വരാന്തയിലൂടെ പതിവ് നിരീക്ഷണത്തിനിറങ്ങിയതായിരുന്നു പ്രിൻസിപ്പൽ വിജയൻ വി.ആനന്ദ്. മൂന്നാംക്ലാസിലെ ഒരുകുട്ടി കുറുമ്പോടെ വന്ന് നോക്കി. ആ കുട്ടിക്ക് സ്നേഹത്തോടെ ഒരു 'ഹൈ ഫൈവ്' കൊടുത്തത് മാത്രമേ മാഷിന് ഓർമ്മയുള്ളൂ. പിന്നാലെ ക്ലാസ് മുറികളിൽനിന്ന് കുട്ടികൾ നിരയായിവന്ന് മാഷിനെ കെട്ടിപ്പിടിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമാണ് ഇപ്പോൾ വൈറലായ ദൃശ്യങ്ങളിലുള്ളത്. സ്‌കൂൾ സി.സി.ടി.വി.യിൽ ഈ സ്നേഹപ്രകടനം കണ്ട സഹഅധ്യാപകരാണ് ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അധ്യാപനജീവിതത്തിൽ 30 വർഷം പൂർത്തിയാക്കുന്ന വിജയൻ 26 വർഷമായി ഗുരുകുലം സ്‌കൂളിന്റെ പ്രിൻസിപ്പലാണ്. കുട്ടികളുടെ അക്കാദമിക മികവിനേക്കാൾ മാനസികാരോഗ്യത്തിന് പ്രാധാന്യംനൽകുന്ന സ്മാർട്ട് + ഹാപ്പി (സ്മാപ്പി) എന്ന സമീപനം വിജയൻമാഷുടേതാണ്. 13 വർഷമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഗുരുകുലത്തെ ഒന്നാംസ്ഥാനത്തേക്ക് നയിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വമികവാണ്.
ഉച്ചയൂണ് കഴിക്കുന്ന മാഷിൽനിന്ന് ചോറുരുള വാങ്ങിക്കഴിക്കുന്ന കുട്ടികൾ സ്‌കൂൾ കാന്റീനിലെ പതിവുകാഴ്ചയാണ്. അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലാതിരിക്കുമ്പോൾത്തന്നെ കുട്ടികളുടെ തോഴനായി തുടരണമെന്നാണ് മാഷിന്റെ നയം.
'കഠിനമായ ശിക്ഷാ നടപടികൾ കുട്ടികളെ അധ്യാപകരിൽനിന്ന് അകറ്റാനേ ഉപകരിക്കൂ. കുട്ടികളിൽ മാറ്റം ഉണ്ടാക്കാനുള്ള ശക്തി സ്നേഹത്തിന് മാത്രമേ ഉള്ളൂ' വിജയൻമാഷ് പറയുന്നു. അത് വാസ്തവമാണെന്ന് ഈ ദൃശ്യങ്ങൾ വിളിച്ചുപറയുന്നു.
Content Highlights: CCTV Captures an Unforgettable, Heartwarming Moment