റിയാലിന്റെ മൂല്യം കൂപ്പുകുത്തി; ഇറാനിൽ തെരുവിലിറങ്ങി ജനം, കേന്ദ്രബാങ്ക് മേധാവി രാജിവെച്ചു

ടെഹ്‌റാൻ: ഇരുപത്തിരണ്ടുകാരി മഹ്‌സ അമീനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിലുടനീളം പടർന്ന പ്രതിഷേധത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, മൂന്നു വർഷത്തിനു ശേഷം നാണയപ്പെരുപ്പത്തിൽ പൊറുതിമുട്ടി ജനം രാജ്യത്തെ പ്രധാന നഗരങ്ങളിൽ വൻതോതിൽ പ്രതിഷേധത്തിനിറങ്ങി. ഇറാനിയൻ നാണയമായ റിയാലിന്റെ മൂല്യം ഇടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം. പിന്നാലെ കേന്ദ്രബാങ്ക് മേധാവി രാജിവെച്ചു.
ടെഹ്‌റാനിൽ ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിന്റെ രാജി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാനിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതായി ഐആർഎൻഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. ഇസ്ഫഹാൻ, ഷിറാസ്, മഷ്ഹദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി റിയാലിന്റെ മൂല്യം ഇടിയുകയായിരുന്നു. ഇതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച ടെഹ്‌റാനിലെ രണ്ട് പ്രധാന വിപണികളിൽ മാത്രമാണ് പ്രതിഷേധങ്ങൾ നടന്നിരുന്നത്. അടുത്ത ദിവസങ്ങളിൽ ഇത് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ടെഹ്‌റാനിലെ സാദി തെരുവിലും ഗ്രാൻഡ് ബസാറിനടുത്തുള്ള ഷുഷ് മേഖലയിലും വ്യാപാരികളും കടയുടമകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ വ്യാപാര സമൂഹത്തിന് വലിയ പങ്കുണ്ടായിരുന്നു.
ഫാർസിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ കഴിഞ്ഞയാഴ്ച മുതൽ പ്രചരിച്ചിരുന്നു. 2022-ൽ അദ്ദേഹം ചുമതലയേറ്റപ്പോൾ റിയാലിന്റെ മൂല്യത്തിന് ഇടിവ് സംഭവിച്ചു തുടങ്ങിയിരുന്നു. പാശ്ചാത്യ ഉപരോധവും രാജ്യത്തെ സാമ്പത്തികഭദ്രത കൈകാര്യം ചെയ്യുന്നതിൽ വന്ന പിഴവുകളുമാണ് പണപ്പെരുപ്പം വൻതോതിൽ ഉയർത്തിയത്. നാണയപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെയും ദൈനംദിന ആവശ്യങ്ങളുടെയും വില വർദ്ധിപ്പിക്കുകയും കുടുംബ ബജറ്റിനെ താറുമാറാക്കുകയും ചെയ്തിരുന്നു.
സമീപ ദിവസങ്ങളിൽ ഉണ്ടായ പാചകവാതക വില വർദ്ധനയും ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മാർച്ച് 21-ന് ആരംഭിക്കുന്ന ഇറാനിയൻ പുതുവർഷത്തിൽ നികുതി വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഔദ്യോഗിക ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Content Highlights: Major protests erupt in Iran as the national currency hits a record low against the US dollar. Head of the Central Bank resigns amid economic turmoil and rising inflation.