ചാനൽ റിപ്പോർട്ടറിൽ നിന്ന് വൻകിട കമ്പനികളുടെ തലപ്പത്തേക്ക്, അടിമുടി ദുരൂഹത; ആരാണ് ചൈനീസ് ‘ചാരവനിത’ ആലിസ് ഹുവാങ്?

വാഷിങ്ടൺ: ലോകത്തെ ഏറ്റവും മികച്ച എഐ ചിപ്പുകൾ നിർമിക്കുന്ന യുഎസ് കമ്പനിയായ എൻവിഡിയയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ അത് സാങ്കേതികരംഗത്തെ ഏതെങ്കിലും മുന്നേറ്റത്തിന്റെ പേരിലല്ല. മറിച്ച് കമ്പനിയുടെ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതരബന്ധത്തിന്റെ പേരിലാണ്. ചൈനീസ് വനിതയായ ആലിസ് ഹുവാങ്ങുമായുള്ള ജെൻസന്റെ ബന്ധമാണ് വിവാദമായത്. ആലിസിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയം കൂടി ഉയർന്നതോടെ കേവലം വിവാഹേതരബന്ധം എന്നതിനപ്പുറം ഗൗരവതരമായ വിഷയമായിരിക്കുകയാണ് ഇത്.
വിവാദം അന്താരാഷ്ട്രതലത്തിൽ വളർന്നതോടെ എൻവിഡിയ ഡയറക്ടർ ബോർഡ്, ജെൻസൻ ഹുവാങ്ങും ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ വിവാഹേതര ബന്ധമുണ്ടായിരുന്ന കാര്യം ജെൻസൻ ഹുവാങ് സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. കമ്പനി ജീവനക്കാർക്കയച്ച വൈകാരികമായ ഇമെയിൽ സന്ദേശത്തിലാണ് ഹുവാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ആരാണ് ആലിസ് ഹുവാങ്?
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ മുൻ സീനിയർ എക്സിക്യൂട്ടീവും മാനേജിങ് ഡയറക്ടറുമാണ് ആലിസ് ഹുവാങ്. ഒരേ സർനെയിം ആണെങ്കിലും 63-കാരനായ ജെൻസൻ ഹുവാങ്ങുമായി ആലിസ് ഹുവാങ്ങിന് കുടുംബബന്ധമൊന്നുമില്ല. ചൈനീസ് പൗരത്വമുള്ള ഇവർ ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്നു. ജെൻസൻ ഹുവാങ്ങും ആലിസ് ഹുവാങും ആദ്യമായി കണ്ടുമുട്ടിയത് എപ്പോഴാണെന്നോ ഇവരുടെ ബന്ധം എത്രകാലം മുന്നേ തുടങ്ങിയതാണെന്നോ വ്യക്തമല്ല. 2024 ജൂണിലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം ആദ്യമായി പുറത്തുവന്നത്. തായ്വാനിലെ ഒരു ബാറിൽ വെച്ച് ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗിഗാബൈറ്റ്, നെറ്റ്തണ്ടർ കമ്പനികളിലെ എക്സിക്യൂട്ടീവുകളും അന്ന് ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക എഐ ചിപ്പുകൾ വാങ്ങാൻ തുടങ്ങിയത്.
2025 മേയിലും ആലിസ് ഹുവാങ് ജെൻസൻ ഹുവാങ്ങിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തായ്വാനിലെ ഒരു റെസ്റ്ററന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ജെൻസൻ ഹുവാങ്ങിന് പിന്നിലായി ആലിസ് നിൽക്കുന്ന ചിത്രവും പുറത്തുവന്നു. അപ്പോഴേക്കും മെഗാസ്പീഡിന്റെ എൻവിഡിയയുമായുള്ള ഇടപാടുകൾ യുഎസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മെഗാസ്പീഡിന്റെ മേധാവി ചൈനീസ് സർക്കാരിന് വിവരങ്ങൾ കൈമാറുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലിസ് ഹുവാങിനെ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. എൻവിഡിയ മേധാവിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചൈനയിലേക്ക് അത്യാധുനിക ചിപ്പുകൾ വിൽക്കാനുള്ള കമ്പനിയുടെ നീക്കങ്ങളെ സ്വാധീനിക്കാനും ശ്രമം നടന്നതായാണ് സൂചന.
ന്യൂയോർക്ക് ടൈംസും ഫിനാൻഷ്യൽ ടൈംസും റിപ്പോർട്ട് ചെയ്ത രഹസ്യ മെമ്മോയിലാണ് ഈ വിവരങ്ങളുള്ളതെന്നാണ് പറയുന്നത്. എൻവിഡിയയുടെ ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട അമേരിക്കൻ നയങ്ങളിലും ഈ ബന്ധത്തിന് പ്രാധാന്യമുണ്ട്. എഐ രംഗത്തെ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന നിലവാരമുള്ള എൻവിഡിയ ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതിക്ക് ജോ ബൈഡൻ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനെതിരെ ജെൻസൻ ഹുവാങ് രംഗത്തെത്തിയിരുന്നു. ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയിൽ കൂടുതൽ ഇളവുകൾ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് ചാരസംഘടനയുമായി ആലിസ് ഹുവാങിന് ബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്.
ആലിസ് ഹുവാങിന്റെ മുൻകാല ഔദ്യോഗിക ജീവിതത്തെക്കുറിച്ചും വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ ഹുനാൻ ടിവിയിലും ഔദ്യോഗിക മാധ്യമമായ സിസിടിവിയിലും ടെലിവിഷൻ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നുവെന്നാണ് ചൈനീസ് സ്വകാര്യ ഫണ്ട് ഡാറ്റാബേസിലെ പ്രൊഫൈലിലുള്ളത്. പിന്നീട് എച്ച്എസ്ബിസിയിലും ജോലി ചെയ്തതായി രേഖകളിൽ പറയുന്നു. ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിങ് വിഭാഗം മേധാവിയുടെ അസിസ്റ്റന്റായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. തുടർന്ന് സിഐടിഐസി സെക്യൂരിറ്റീസിൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിവരങ്ങളുടെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങളുയർന്നിട്ടുണ്ട്. ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആലിസ് ഹുവാങിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിസിടിവിയുടെ വെബ്സൈറ്റിലും ഇവരുടെ പ്രൊഫൈൽ കണ്ടെത്താനായില്ലെന്നാണ് പത്രത്തിന്റെ റിപ്പോർട്ട്.
ചൈനീസ് നിക്ഷേപ രേഖകൾ പ്രകാരം ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിലും ആലിസ് ഹുവാങ് പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജറായും ചുമതല വഹിച്ചിരുന്നുവെന്നാണ് വിവരം. ചൈനീസ് ഗെയിമിങ് കമ്പനിയായ 7റോഡുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മെഗാസ്പീഡിന്റെ കോർപ്പറേറ്റ് ചരിത്രത്തിനും 7റോഡുമായി ബന്ധമുണ്ട്. 7റോഡിന്റെ വിദേശ പ്രവർത്തനങ്ങൾക്കായുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള സ്ഥാപനമായിരുന്നു ഇതിന്റെ മുൻഗാമി. 2023-ലാണ് മെഗാസ്പീഡ് സ്ഥാപിതമായത്. ആലിസ് ഹുവാങിന്റെ നേതൃത്വത്തിലുള്ള ഹുവാങ് ലെ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്നു കമ്പനിയെന്നാണ് റിപ്പോർട്ടുകൾ. അതേ വർഷം തന്നെ സ്വിഫ്റ്റ്ഡാറ്റയ്ക്ക് കമ്പനി വിറ്റു. എന്നാൽ അതിനുശേഷവും മെഗാസ്പീഡുമായി ആലിസ് ഹുവാങിന്റെ പേര് ബന്ധപ്പെട്ടിരുന്നു. ചൈനയുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ശൃംഖലയിലെ പ്രധാന സ്ഥാപനമായാണ് മെഗാസ്പീഡ് വിലയിരുത്തപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നും ഈ കമ്പനിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 480 കോടി ഡോളറിലധികം വിലവരുന്ന എൻവിഡിയ ചിപ്പുകൾ മെഗാസ്പീഡ് വാങ്ങിയതായാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.
Content Highlights: Alice Huang, a former Megaspeed executive with a mysterious career trajectory, faces global focus over her extra-marital affair with Nvidia CEO Jensen Huang and alleged intelligence ties to the Chinese government.