ട്രംപിന്റെ ഹെയർസ്റ്റൈലുള്ള പോത്തിനെ വലിയ പെരുന്നാളിന് ബലി നൽകും; ത്യാഗമാണ് വലുതെന്ന് ഉടമ

നാരായൺഗഞ്ച് (ബംഗ്ലാദേശ്): 'ഡൊണൾഡ് ട്രംപ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോത്തിനെ ഈ ബലിപെരുന്നാളിന് ബലി നൽകും. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലുള്ള കന്നുകാലി വളർത്തുകേന്ദ്രത്തിലാണ് 'ഡൊണാൾഡ് ട്രംപ്' എന്നു വിളിപ്പേരുള്ള ഈ വെള്ളപ്പോത്തുള്ളത്. തലയിലെ നീണ്ട രോമം ട്രംപിന്റേതുപോലെ ചീകിയൊതുക്കിയതു കാരണമാണ് ഈ പോത്തിന് യു.എസ്. പ്രസിഡന്റിന്റെ പേരുവീണത്. പിന്നാലെ പോത്ത് സോഷ്യൽ മീഡിയയിൽ താരമാകുകയും ചെയ്തു.
700 കിലോഗ്രാമാണ് ഇതിന്റെ തൂക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിട്ടിരിക്കുന്ന മറ്റൊരു ആൽബിനോ ബഫലോയും ഇവിടെയുണ്ട്. അത്യപൂർവമായ ജനിതക പ്രത്യേകത കാരണം കറുപ്പുനിറം നൽകുന്ന മെലാനിൻ കുറയുന്നതാണ് പോത്തുകളുടെ വെള്ളനിറത്തിനു കാരണം. നാലു വയസാണ് ഈ പോത്തിന്റെ പ്രായം.
ബലിപെരുന്നാളിന് ബലി നൽകുന്നതിനായി ഈ ‘ട്രംപ്’ പോത്തിനെ വിറ്റു കഴിഞ്ഞെന്ന് അറിയിച്ചിരിക്കുകയാണ് ഫാം ഉടമയായ സിയാവുദ്ദീൻ മൃദ. തന്റെ പ്രിയപ്പെട്ട മൃഗത്തെ വിട്ടുനൽകുന്നതിൽ സങ്കടമുണ്ടെങ്കിലും, ത്യാഗമാണ് പെരുന്നാളിന്റെ സന്ദേശമെന്ന് സിയാവുദ്ദീൻ വ്യക്തമാക്കി. 10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയിൽനിന്നാണ് സിയാവുദ്ദീൻ ആൽബിനോ ഇനത്തിൽപ്പെട്ട ഈ പോത്തിനെ വാങ്ങിയത്. തലയിലെ രോമങ്ങൾ കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ സഹോദരനാണ് തമാശയ്ക്ക് പോത്തിന് ഡൊണാൾഡ് ട്രംപ് എന്ന് പേരിട്ടത്.
പോത്തിന്റെ ആരോഗ്യം നിലനിർത്താനായി ദിവസവും നാല് തവണ കുളിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, സന്ദർശകരുടെ അമിതമായ തിരക്ക് കാരണം പോത്തിന് മാനസിക സമ്മർദമുണ്ടാകുകയും ഭാരം കുറയുകയും ചെയ്തതിനെത്തുടർന്ന് പിന്നീട് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Content Highlights: Viral albino buffalo named 'Donald Trump' sold for Qurbani 2026., The 4-year-old buffalo weighs 700kg and features unique hair styling., Owner Siauddin Mridha confirms the sale despite emotional attachment., High visitor footfall previously caused stress to the animal., Albino traits are caused by low melanin levels.