മഡുറോയെ പിടികൂടിയത് ഡെൽറ്റ ഫോഴ്‌സ്? ട്രംപ് ഉപയോഗിച്ചത് യുഎസ് സൈന്യത്തിന്റെ പ്രത്യേക യൂണിറ്റോ?

വാഷിങ്ടൺ: വെനസ്വേലയിൽ ആക്രമണം നടത്തിയത് യുഎസ് ആണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥിരീകരണത്തിന് പിന്നാലെ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച യൂണിറ്റിനെ സംബന്ധിച്ച ചർച്ചകളും സജീവമാകുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയതായും ട്രംപ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. യുഎസ് സൈന്യത്തിന്റെ പ്രത്യേക യൂണിറ്റായ ഡെൽറ്റ ഫോഴ്‌സിനെയാണ് ട്രംപ് ഉപയോഗിച്ചതെന്നാണ് സൂചന.
ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഏത് യൂണിറ്റാണ് ഈ ഓപ്പറേഷൻ നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളോ ഔദ്യോഗികമായി വെളിപ്പെടുത്തലോ ഇതുവരെയും നടന്നിട്ടില്ല. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിലാണ് സ്‌ഫോടനം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരക്കാസിലെ ഫോർട്ട് ട്യൂണ സൈനിക താവളവും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
വൈകാതെ, തെക്കേ അമേരിക്കൻ രാജ്യത്തിന്റെ നേതാവിനെയും ഭാര്യയേയും പിടികൂടിയതായുള്ള വാർത്തകളും പുറത്തുവന്നു. ഇതിനുശേഷമാണ്, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും 'പിടികൂടി രാജ്യത്തിന് പുറത്തേക്ക് പറത്തി' എന്നും അമേരിക്ക വെനസ്വേലയിൽ സൈനിക ആക്രമണങ്ങൾ നടത്തിയെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്.
'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വെനസ്വേലയ്ക്കും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വലിയ തോതിലുള്ള ആക്രമണം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയേയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. യുഎസ് നിയമ നിർവഹ ഏജൻസികളുമായി സഹകരിച്ചാണ് ഈ ആക്രമണം നടത്തിയത്. വിശദാംശങ്ങൾ അധികം വൈകാതെ പുറത്തുവിടും' എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
ആക്രമണത്തിൽ യുഎസ് നിയമ നിർവഹണ ഏജൻസികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുവെങ്കിലും എങ്ങനെ അല്ലെങ്കിൽ ഏത് ഏജൻസികൾ എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. അതേസമയം, യുഎസ് സൈന്യത്തിന്റെ പ്രമുഖ പ്രത്യേക ദൗത്യ യൂണിറ്റ് ആയ ഡെൽറ്റ ഫോഴ്‌സ് ആണ് ഈ ഉദ്യമത്തിനായി ഉപയോഗിക്കപ്പെട്ടതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു. ഡെൽറ്റാ ഫോഴ്‌സാണ് മഡുറോയേയും ഭാര്യയേയും പിടികൂടിയതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
യുഎസ് ആർമിയുടെ പ്രമുഖ യൂണിറ്റായ ഡെൽറ്റ ഫോഴ്‌സ്, 2019-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുൻ നേതാവ് അബു ബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിന് കാരണമായ ഓപ്പറേഷൻ നടത്തിയിരുന്നു. ഔദ്യോഗികമായി 1st Special Forces Operational Detachment-Delta (1st SFOD-D) എന്നാണ് ഡെൽറ്റ ഫോഴ്‌സ് അറിയപ്പെടുന്നത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കയുടെ പ്രമുഖ പ്രത്യേക ദൗത്യ യൂണിറ്റുകളിൽ ഒന്നാണ് ഇത്.
പ്രധാനമായും ഭീകരവാദ വിരുദ്ധ യൂണിറ്റ് എന്ന നിലയിലാണ് ഡെൽറ്റ ഫോഴ്‌സ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ, അതിന്റെ ധർമ്മം അതിനപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നു. നേരിട്ടുള്ള പ്രവർത്തനം, ബന്ദി മോചന ദൗത്യങ്ങൾ, രഹസ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് ഡെൽറ്റ ഫോഴ്‌സ്. പലപ്പോഴും സിഐഎയുമായി അടുത്ത ഏകോപനത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
സംഘർഷ മേഖലകളിലേക്കുള്ള യാത്രയ്ക്കിടയിൽ മുതിർന്ന യുഎസ് നേതാക്കൾക്ക് സംരക്ഷണം നൽകാനും ഇത് വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും മിലിട്ടറി ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തനപരമായി, ഡെൽറ്റ ഫോഴ്‌സ് ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന് (JSOC) കീഴിലാണ് പ്രവർത്തിക്കുന്നത്, അതേസമയം, ഭരണപരമായ പിന്തുണ യുഎസ് ആർമി സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് (USASOC) ആണ് നൽകുന്നത്.
1977-ൽ കമാൻഡർ ചാൾസ് ബെക്‌വിത്ത് സ്ഥാപിച്ച ഡെൽറ്റ ഫോഴ്‌സ് താരതമ്യേന പുതിയ യൂണിറ്റാണ്. അദ്ദേഹം തന്നെയായിരുന്ന അതിന്റെ ആദ്യ കമാൻഡറും. 1970-കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് സ്‌പെഷ്യൽ എയർ സർവീസിനൊപ്പമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ലോകമെമ്പാടുമുള്ള തീവ്രവാദ ഭീഷണി അതിവേഗം വർദ്ധിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നാലെ, ഉയർന്നതും കൃത്യതയുള്ളതുമായ ഒരു തീവ്രവാദ വിരുദ്ധ സേനയുടെ ആവശ്യകത തിരിച്ചറിഞ്ഞതോടെയാണ് ബെക്‌വിത്ത് ഡെൽറ്റ ഫോഴ്‌സിന് രൂപം നൽകിയത്.
1980-ലെ പരാജയപ്പെട്ട ഇറാൻ ബന്ദി മോചനദൗത്യത്തിന് പിന്നാലെയാണ് ഡെൽറ്റ ഫോഴ്‌സ് രൂപീകരിക്കപ്പെട്ടത് എന്നാണ് യൂണിറ്റിന്റെ ആദ്യകാല ചരിത്രം പറയുന്നത്. പരാജയപ്പെട്ട ദൗത്യത്തിൽ വിമാന ഉപകരണങ്ങളുടെയും ഓപ്പറേറ്റർമാരുടെയും പിഴവുകൾ മൂലം എട്ട് യുഎസ് സൈനികരുടെ ജീവൻ നഷ്ടപ്പെട്ടു. അതിന് ശേഷം, സ്‌പെഷ്യൽ ഓപ്പറേഷൻസ് ദൗത്യങ്ങൾക്ക് പ്രത്യേക വിമാന പിന്തുണ നൽകുന്നതിനായി യുഎസ് സൈന്യം 160-ാമത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റ് സ്ഥാപിച്ചു.
ഇന്ന്, SFOD-D അതിന്റെ ഉദ്യോഗസ്ഥരെ യുഎസ് ആർമിയിലെ മുഴുവൻ സേനയിൽനിന്നും എടുക്കുന്നു, ഭൂരിഭാഗവും റേഞ്ചർ റെജിമെന്റിൽ നിന്നും ആർമി സ്‌പെഷ്യൽ ഫോഴ്‌സിൽ നിന്നുമാണ് വരുന്നത്. ഉദ്യോഗസ്ഥർ ആർമിയിൽ സേവനമനുഷ്ഠിക്കുന്നവർ ആയിരിക്കണം, ചില റാങ്കുകളിൽ ഉൾപ്പെടുന്നവരായിരിക്കണം, കൂടാതെ അവരുടെ എൻലിസ്റ്റ്‌മെന്റിൽ കുറഞ്ഞത് രണ്ടര വർഷമെങ്കിലും ബാക്കിയുണ്ടായിരിക്കണം എന്നിവയൊക്കെയാണ് ഡെൽറ്റ ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകൾ.
Content Highlights: Explore the US Delta Force, America`s elite special mission unit. Learn about its role in counterterrorism, hostage rescue, and its reported involvement in the capture of Venezuelan President Maduro. Click for details.