ഭക്ഷണത്തിനായി നീണ്ടവരി, വൈദ്യുതിയില്ല; വെനസ്വേലയിൽ ആശങ്ക; യുഎസ് ആക്രമണത്തിൽ 40 മരണം

#ന്യൂസ് ഡെസ്ക്
കാരക്കാസിലെ കടയ്ക്ക് മുന്നില്‍ വരിനില്‍ക്കുന്നവര്‍ | ഫോട്ടോ: എപി
കാരക്കാസിലെ കടയ്ക്ക് മുന്നില്‍ വരിനില്‍ക്കുന്നവര്‍ | ഫോട്ടോ: എപി

കാരക്കാസ്: അമേരിക്കൻ ആക്രമണത്തിൽ വെനസ്വേലയിൽ സാധാരണക്കാരും സൈനികരും അടക്കം 40-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെനസ്വേലൻ അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വെനസ്വേലയിലെ അത്യാഹിതങ്ങളുടെ പ്രാഥമികവിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിലെ കാരക്കാസിലടക്കം ജനങ്ങൾ ആശങ്കയിലാണെന്നും വൈദ്യുതിവിതരണവും ആശയവിനിമ സംവിധാനങ്ങളും പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അമേരിക്കൻ ആക്രമണത്തിൽ കാരക്കാസിലടക്കം വ്യാപകമായ നാശനഷ്ടമുണ്ടായതായി കാരക്കാസിൽ താമസിക്കുന്ന ഇന്ത്യക്കാരനായ സുനിൽ മൽഹോത്ര 'ഇന്ത്യാടുഡേ'യോട് പറഞ്ഞു. ജനങ്ങളെല്ലാം ഭയത്തിലും ആശങ്കയിലുമാണെന്നും ഭക്ഷണത്തിനായി നീണ്ടവരികളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

''അമേരിക്കൻ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അവർ കാരക്കാസിലെ വിമാനത്താവളം ആക്രമിച്ചു. നഗരത്തിനുപുറത്ത് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള രാജ്യത്തെ ഏറ്റവുംവലിയ വ്യോമത്താവളവും തകർത്തു. ഫ്യൂർട്ടെ ടിയുണയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്'', സുനിൽ മൽഹോത്ര പ്രതികരിച്ചു.

യുഎസ് ആക്രമണത്തിന് പിന്നാലെ നഗരത്തിലെ മിക്ക കടകളും സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു. കാരക്കാസ് നഗരം ഒറ്റപ്പെട്ടനിലയിലാണെന്നും ആകെ അനിശ്ചിതത്വമാണെന്നും ജനങ്ങളെല്ലാം വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

''നഗരത്തിലെ ഭൂരിഭാഗം സൂപ്പർമാർക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. ചെറിയ ചില കടകൾ മാത്രമാണ് തുറന്നിട്ടുള്ളത്. അവിടങ്ങളിലെല്ലാം ഭക്ഷണസാധനങ്ങളും മറ്റും വാങ്ങാനായി ജനങ്ങളുടെ നീണ്ടവരിയാണുള്ളത്. 500-600 ആളുകളാണ് ഓരോ കടയുടെ മുന്നിലും വരിനിൽക്കുന്നത്. എന്നാൽ, ഒരേസമയം ഒന്നോ രണ്ടോ പേരെ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിലാണ് കൂടുതൽ തിരക്ക്. ആളുകളെല്ലാം ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ തിരക്കുകൂട്ടുന്നു. ഇതുവരെ ഭക്ഷണസാധനങ്ങൾക്കൊന്നും ക്ഷാമം അനുഭവപ്പെട്ടിട്ടില്ല. വൈദ്യുതിവിതരണം നിലച്ചതോടെ മൊബൈൽഫോൺ ചാർജ് ചെയ്യാൻവരെ പ്രതിസന്ധി നേരിട്ടു. ഏറെദൂരം നടന്നശേഷം ചില കച്ചവടക്കാർ വൈദ്യുതിമോഷ്ടിക്കുന്ന സംവിധാനം വഴിയാണ് ഫോൺ ചാർജ്‌ചെയ്യാനായത്. അത് നിയമവിരുദ്ധമായ ഒരു കേന്ദ്രമാണ്. അവിടെയും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. വൈകീട്ട് നാലുമണിക്ക് ഫോൺ ചാർജ്‌ചെയ്യാൻ പോയ തനിക്ക് രാത്രി 11 മണിക്കാണ് മടങ്ങാനായത്. വൈദ്യുതിവിതരണം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർക്ക് പോലും യാതൊരു ഉറപ്പുമില്ല. പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഫോൺ ചാർജ് ചെയ്യുന്നതിനിടെ പോലീസുകാരെത്തി വീടുകളിലേക്ക് മടങ്ങാനാണ് ആവശ്യപ്പെട്ടത്. ആളുകളെല്ലാം വീടിനകത്തുകഴിയുകയാണ്. ഭയം കാരണം പലരും പുറത്തിറങ്ങുന്നില്ല'', സുനിൽ മൽഹോത്ര കൂട്ടിച്ചേർത്തു.

വെനസ്വേലയുടെ തലസ്ഥാനനഗരമായ കാരക്കാസിൽ വളരെക്കുറച്ച് ഇന്ത്യക്കാർ മാത്രമേയുള്ളൂവെന്നാണ് സുനിൽ മൽഹോത്ര നൽകുന്നവിവരം. വെനസ്വേലയിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Reports indicate US attack in Venezuela killed 40, causing widespread panic, power cuts, and long food lines. Indian national shares harrowing details.